ബ്രാംപ്ടണില്‍ രണ്ട് പേരെ ആക്രമിച്ചവര്‍ക്കെതിരെ വാറണ്ട്; പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരം  

By: 600002 On: Apr 19, 2022, 10:46 AM

 

ബ്രാംപ്ടണില്‍ രണ്ട് പേരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്‍ക്കായി പീല്‍ റീജിയണല്‍ പോലീസ് വാറണ്ട് പുറപ്പെടുവിച്ചു. ബ്രാംപ്ടണിലെ മന്‍ജോത് സിംഗ്(25), മന്‍ഖമിലെ ഗുര്‍കിരത് സിംഗ്(24) എന്നിവര്‍ക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. 

ഏപ്രില്‍ 16നാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ 12.45 ഓടെ ബ്രാംട്രീ കോര്‍ട്ട്, ക്രിസ്ലര്‍ ഡ്രൈവ് എന്നിവടങ്ങളില്‍ ജോലി ചെയ്തിരുന്നവരാണ് ആക്രമിക്കപ്പെട്ടത്. ജോലി കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ നാലംഘ സംഘം വടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു. 

ആക്രമണത്തിനു ശേഷം ഒന്റാരിയോ ലൈസന്‍സ് പ്ലേറ്റുള്ള വെളുത്ത ഫോക്‌സ്‌വാഗണ്‍ ജെറ്റയില്‍ പ്രതികള്‍ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. അന്വേഷണത്തില്‍ ബ്രാംപ്ടണിലെ മന്‍ജോത് സിംഗ്, മന്‍ഖമിലെ ഗുര്‍കിരത് സിംഗ് എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. മറ്റ് രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. 

അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടേണ്ടതാണെന്ന് പോലീസ് അറിയിച്ചു.