ക്യുബെക്കില്‍ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ 

By: 600002 On: Apr 19, 2022, 10:07 AM

കൊടുങ്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്ന ക്യുബെക്ക് നഗരത്തില്‍ വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ് കൂടി അധികൃതര്‍ നല്‍കി. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കിഴക്കന്‍ അമേരിക്കന്‍ തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമാണ് ശക്തമായ കാറ്റിന് കാരണമാകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ശക്തമായ തിരമാലകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. 

ചൊവ്വാഴ്ച ഉച്ചയോടെ മഴയായി മാറുന്നതിന് മുമ്പ് വടക്കന്‍ പ്രദേശങ്ങളില്‍ രാത്രി അഞ്ച് സെന്റിമീറ്ററോളം മഞ്ഞ് പെയ്യാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. പ്രദേശത്ത് വൈകുന്നേരം വരെ മഴയും പ്രതീക്ഷിക്കാം. 

ചൊവ്വാഴ്ച രാവിലെ തിരക്കുള്ള സമയങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ റോഡുകളിലൂടെ വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.