പഠനം പൂര്‍ത്തിയാക്കാന്‍ ഇന്ത്യയിലെ കോളേജുകളില്‍ പ്രവേശനം അനുവദിക്കണം; ഉക്രെയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ 

By: 600002 On: Apr 19, 2022, 8:05 AM

 

 

ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍പഠനത്തിന് അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഉക്രെയ്‌നില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍. ഉക്രെയ്‌നിലെ യുദ്ധമുഖത്ത് നിന്നും രക്ഷപ്പെട്ട് രാജ്യത്തേക്ക് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ഞായറാഴ്ച ജന്തര്‍ മന്ദറില്‍ നടത്തിയ ഒത്തുചേരലിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഉക്രെയ്‌നില്‍ പഠനം നടത്തിയ എല്ലാ ഇന്ത്യന്‍ എംബിബിഎസ്  വിദ്യാര്‍ത്ഥികളെയും സഹായിക്കുക, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കരിയര്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. 

ഇന്ത്യന്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ചേര്‍ന്ന് ഉക്രെയ്‌നില്‍ നിന്നെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് തുല്യതാ ഓറിയന്റേഷന്‍ പ്രോഗ്രാമിനായി കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. മാര്‍ച്ച് 4 ന് ഐഎംഎ മോദിക്ക് അയച്ച കത്തില്‍ മെഡിക്കല്‍ കോളേജുകളിലേക്ക് ഉക്രെയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.