വിസ നിയമങ്ങളില്‍ സമഗ്ര മാറ്റവുമായി യുഎഇ 

By: 600002 On: Apr 19, 2022, 7:39 AM


വിസ നിയമങ്ങളില്‍ യുഎഇ അടിമുടി മാറ്റം വരുത്തി. നേരത്തെയുണ്ടായിരുന്ന നിയമങ്ങളിലെല്ലാം തന്നെ പരിഷ്‌കരണം ഏര്‍പ്പെടുത്തി കൂടുതല്‍ വിപുലമായ നിയമ സംവിധാനമാണ് യുഎഇയില്‍ കൊണ്ടുവന്നിരിക്കുന്നത്. യുഎഇയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, അതിലൂടെ രാജ്യത്തിന്റെ പുരോഗതി വേഗത്തിലാക്കുക എന്നതാണ് മാറ്റത്തിന്റെ ലക്ഷ്യം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അംഗീകാരം ലഭിച്ച ഭേദഗതികള്‍ യുഎഇ ഗവണ്‍മെന്റ് മീഡിയ ഓഫീസാണ് വ്യക്തമാക്കിയത്. 

വിസ ആദ്യം അനുവദിക്കുന്ന അതേ കാലയളവിലേക്ക് വീണ്ടും പുതുക്കാന്‍ സാധിക്കുകയും എല്ലാ വിസകളിലും ഒന്നില്‍ കൂടുതല്‍ തവണ വന്നുപോകുന്നതിനുള്ള സൗകര്യം ലഭ്യമാക്കുയും ചെയ്യും. 

ഗോള്‍ഡന്‍ വിസ സംവിധാനം വിപുലീകരിക്കും. പുതിയ തൊഴിലന്വേഷകര്‍ക്കും പ്രൊഫഷണലുകള്‍ക്കും മികച്ച അവസരങ്ങളാണ് പുതിയ വിസ നിയമമാറ്റം കൊണ്ടുണ്ടാകുന്നത്. പ്രതിമാസം 30,000 ദിര്‍ഹത്തിലധികം വേതനമുള്ള പ്രൊഫഷണലുകള്‍ക്ക് ഡോള്‍ഡന്‍ വിസ ലഭഫിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. 

ആഗോള നിക്ഷേപകരെയും വിദഗ്ധതൊഴിലാളികളെയും ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗ്രീന്‍ വിസയ്ക്ക് അംഗീകാരമായി. വ്യവസായ രംഗങ്ങളിലെ നിക്ഷേപകര്‍ക്ക് അഞ്ച് വര്‍ഷത്തേക്കുള്ള ഗ്രീന്‍ വിസയാണ് ലഭ്യമാക്കുക.