ആല്‍ബെര്‍ട്ടയിലും സസ്‌ക്കാച്ചെവനിലും കൂടുതല്‍ കോഴിഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു 

By: 600002 On: Apr 19, 2022, 7:09 AM

 


തെക്കന്‍ ആല്‍ബെര്‍ട്ടയിലും സസ്‌ക്കാച്ചെവനിലെയും കൂടുതല്‍ കോഴിഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി ഇവിടങ്ങളില്‍ പക്ഷിപ്പനി വ്യാപിച്ചതായി സ്ഥിരീകരിച്ചു. 

മൗണ്ടെയ്ന്‍ വ്യൂ കൗണ്ടി, വാര്‍ണര്‍ കൗണ്ടി, കാര്‍ഡ്സ്റ്റണ്‍ കൗണ്ടി, സസ്‌ക്കാച്ചെവനനിലെ റൂറല്‍ മുന്‍സിപ്പാലിറ്റി ഓഫ് മൂസ് മൗണ്ടെയ്ന്‍, റൂറല്‍ മുന്‍സിപ്പാലിറ്റി ഓഫ് ലോറെ ബേണ്‍ എന്നീ പ്രദേശങ്ങളിലെ ഫാമുകളിലാണ് പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്. 

പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസ് മനുഷ്യരിലേക്ക് പടരാന്‍ സാധ്യത കുറവാണെന്ന് സിഎഫ്‌ഐഎ അറിയിച്ചു. എന്നിരുന്നാലും പക്ഷികളുമായി കൂടുതല്‍ സമ്പര്‍ക്കമുണ്ടാകാതെ നോക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. 

കാല്‍ഗരി മൃഗശാല ഉള്‍പ്പടെ വടക്കേ അമേരിക്കയിലുള്ള മൃഗശാലകള്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ അടച്ചു. പക്ഷികളെ മറ്റൊരു സുരക്ഷിത കൂടിനുള്ളിലേക്ക് മാറ്റിയിട്ടുണ്ട്. 

കാനഡയിലെ ചെറുകിട ഫാം ഉടമകള്‍ ദേശാടനപക്ഷികളുമായി സമ്പര്‍ക്കത്തിന് സാധ്യതയുള്ളതിനാല്‍ കോഴികളെ സുരക്ഷിതമായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.