നീണ്ട അവധിക്ക് ശേഷം മെട്രോ വാന്‍കുവറിലെ ചില സ്‌റ്റേഷനുകളില്‍ ഗ്യാസ് വില ലിറ്ററിന് 2 ഡോളറിന് മുകളിൽ എത്തി. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചില പെട്രോള്‍ പമ്പുകളില്‍ ലിറ്ററിന് 203.9 സെന്റ് വരെയാണ് രേഖപ്പെടുത്തിയത്.
ഗ്യാസ്ബഡി.കോമിന്റെ(GasBuddy.com) കണക്കനുസരിച്ച് ഫ്രേസര്‍വാലി റീജിയണല്‍ ഡിസ്ട്രിക്റ്റ് തിങ്കളാഴ്ച ഗ്യാസിന്റെ ശരാശരി വില ലിറ്ററിന് 204.5 സെന്റാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
അതേസമയം, വാന്‍കുവറില്‍ ലിറ്ററിന് 2 ഡോളറില്‍ താഴെ രേഖപ്പെടുത്തിയ ചില സ്റ്റേഷനുകളുമുണ്ടായിരുന്നു. ഇവിടെ തിങ്കളാഴ്ച റെഗുലര്‍ ഗ്യാസിന്റെ ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 190.9 സെന്റ് ആയിരുന്നു. സറേ, ബേണബി, റിച്ചമണ്ട്, കോക്വിറ്റ്‌ലാം, അബോട്ട്‌സ്‌ഫോര്‍ഡ് എന്നിവടങ്ങളിലെ ഗ്യാസ് സ്‌റ്റേഷനുകള്‍ 2 ഡോളറിന് താഴെ ഇന്ധനവില രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞമാസം,മെട്രോ വാന്‍കുവറിലെ ഗ്യാസ് വില റെക്കോര്‍ഡ് നിരക്കിലെത്തിയിരുന്നു. ഇന്ധന വിതരണ പ്രശ്‌നങ്ങള്‍, റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്നിവയെല്ലാം ഇന്ധനവില വര്‍ധിക്കുന്നതിന് കാരണമായെന്ന് നിരീക്ഷകര്‍ പറയുന്നു.