കുട്ടികളിലെ അജ്ഞാത കരള്‍ രോഗം:  കാനഡയില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് പിഎച്ച്എസി 

By: 600002 On: Apr 19, 2022, 6:23 AM

യുഎസിലും യൂറോപ്പിലും കുട്ടികളില്‍ കണ്ടുവരുന്ന അജ്ഞാത കരള്‍ രോഗം കാനഡയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി. നിലവില്‍ ഇതുവരെ കുട്ടികളില്‍ ഗുരുതരമായ കരള്‍ രോഗം കാനഡയിലെ ഒരു ആശുപത്രികളിലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഏജന്‍സി അറിയിച്ചു. യുഎസ്, യൂറോപ്പ് രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ കാനഡയില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പിഎച്ച്എസി അറിയിച്ചു. 

കുട്ടികളില്‍ അജ്ഞാതമായ ഹെപ്പറ്റൈറ്റിസ് രോഗബാധ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ തങ്ങള്‍ ജാഗ്രതയോടെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും രോഗാവസ്ഥയെക്കുറിച്ച് ബോധവാന്മാരാണെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

കരള്‍വീക്കത്തിന് സമാനമായ രോഗമാണ് കുട്ടികളില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ സാധാരണ കരള്‍വീക്കത്തിന് കാരണമായ വൈറസുകളായ ഹൈപ്പറ്റിറ്റീസ് എ,ബി,സി, ഇ എന്നിവയല്ല രോഗകാരണമെന്നാണ് കണ്ടെത്തല്‍. രോഗകാരണം ആരോഗ്യവിദഗ്ധര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 

ബ്രിട്ടനില്‍ കുട്ടികളില്‍ കരള്‍ വീക്കം ഉണ്ടായതിന്റെ 74 കേസുകളാണ് പരിശോധിക്കുന്നത്. സമാനമായ ഏതാനും കേസുകള്‍ സ്‌പെയിനിലും അയര്‍ലണ്ടിലും പരിശോധിക്കുകയാണെന്ന് ലോകാരോര്യസംഘടന പറഞ്ഞു. യുഎസില്‍ ഇത്തരത്തില്‍ കാരണമറിയാത്ത കരള്‍ വീക്കത്തിന്റ ഒമ്പത് കേസുകളാണ് അന്വേഷിക്കുന്നത്. യുഎസിലെ എല്ലാ കേസുകളും അലബാമ സംസ്ഥാനത്താണ്.

ഒന്ന് മുതല്‍ ആറ് വയസുള്ള കുട്ടികളിലാണ് യുഎസില്‍ ഇത്തരത്തിലുള്ള കരള്‍ വീക്കം കണ്ടെത്തിയത്. ഈ രോഗം പിടിപ്പെട്ട രണ്ട് കുട്ടികള്‍ക്ക് കരള്‍മാറ്റി വയ്ക്കല്‍ വേണ്ടിവന്നു. രോഗം പിടിപ്പെട്ട ചില കുട്ടികളില്‍ അഡിനോവൈറസ് പോസിറ്റിവായിരുന്നു.

സ്‌കോട്ട്‌ലന്‍ഡിലെ 10 ഓളം കുട്ടികളിലാണ് ആദ്യമായി കരള്‍ രോഗം കണ്ടെത്തിയത്. 
ഒരാള്‍ ജനുവരിയിലും മറ്റ് 9 പേര്‍ മാര്‍ച്ചിലും രോഗബാധിതരായി. രോഗം ഗുരുതരമായതിനെതുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇവര്‍ക്ക് ഹെപ്പറ്റൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തി.