ഡാളസിൽ നിന്നും കാണാതായ 15-കാരിയെ കണ്ടെത്തി; മൂന്ന് പേർ അറസ്റ്റിൽ 

By: 600084 On: Apr 19, 2022, 6:07 AM

പി.പി.ചെറിയാൻ, ഡാളസ്

ഒക്കലഹാമ: ഡാളസിൽ ഏപ്രിൽ 8-ന് നടന്ന ബാസ്കറ്റ് ബോൾ മത്സരത്തിന് ശേഷം കാണാതായ 15-കാരി നാറ്റ്ലി ക്രാമെറെ ഏപ്രിൽ 18-ന് തിങ്കളാഴ്ച ഒക്കലഹോമയിൽ നിന്നും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ഒക്കലഹോമ സിറ്റിയിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. എന്നാൽ കൃത്യ സ്ഥലം പോലീസ് വെളിപ്പെടുത്തിയില്ല. കഴിഞ്ഞ പത്തു ദിവസമായി ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുകയായിരുന്നു. 

കുട്ടിയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാരെൻ ഗോൺസാൽവസ്, സാറ ഹെയ്‌സ്, കെന്നത്ത് നെൽസൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ഹ്യൂമൻ ട്രാഫിക്കിങ്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചാർജ് ചെയ്തിട്ടുണ്ട്. നെൽസണെതിരെ ചൈൽഡ് പോണോഗ്രാഫ്യുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്.

കുട്ടിയെ തിരിച്ചു കിട്ടിയതിൽ ഡാളസിലുള്ള നാറ്റ്ലിയുടെ കുടുംബാംഗങ്ങൾ ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് നന്ദി രേഖപ്പെടുത്തി. കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.