വിമാനത്തിൽ മാസ്ക് ധരിക്കാൻ നിർബന്ധിക്കില്ല- യു.എസ്.ട്രാൻസ്പോട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ 

By: 600084 On: Apr 19, 2022, 5:43 AM

പി.പി.ചെറിയാൻ, ഡാളസ്

ഫ്ലോറിഡ: വിമാനത്തിലും, ട്രെയിനിലും, ബസ്സുകളിലും സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കണമെന്ന ഫെഡറൽ ഗവണ്മെന്റ് തീരുമാനം ഫ്ലോറിഡ ഫെഡറൽ ജഡ്ജ് തള്ളിയതോടെ വിമാനത്തിൽ ഇനി മുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് യു.എസ്.ട്രാൻസ്പോട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (റ്റി.എസ്.എ) തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ഫ്ലോറിഡ ടാ൦പ യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് കാതറിൻ കിംമ്പൽ തിങ്കളാഴ്ച് രാവിലെയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ഫെബ്രുവരി 2021- ലാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷൻ(സി.ഡി.സി) മാസ്ക് മാൻഡേറ്റ് നിർബന്ധമാക്കിയത്. ഹെൽത്ത് ഫ്രീഡം ഡിഫെൻസ് ഫണ്ട്,  മാസ്ക് ധരിക്കൽ നിർബന്ധമാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ലോ സ്യുട്ട് ഫയൽ ചെയ്തു. ഇതോടെ സി.ഡി.സിയുടെ പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ മാസ്കിങ് ഉത്തരവ് അസാധുവായി.

ഫെഡറൽ ജഡ്ജിയുടെ വിധി നിരാശ ജനകമാണെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെൻ പാസ്ക്കി അഭിപ്രായപ്പെട്ടു. വിധി മാസ്ക് ധരിക്കേണ്ട എന്ന സ്വാതന്ത്ര്യം നല്കുന്നുവെങ്കിലും, മാസ്ക് ധരിക്കുന്നതാണ് നല്ലതെന്ന് ജെൻ പാസ്ക്കി പറഞ്ഞു. വിധിക്കെതിരെ മറ്റു നിയമ നടപടികൾ ആലോചിക്കുമെന്നും പ്രസ്സ് സെക്രട്ടറി അറിയിച്ചു.