'റാപിഡ് ടെസ്റ്റുകളെ വിശ്വസിക്കേണ്ട'; ഒത്തുചേരലുകള്‍ക്ക് മുമ്പ് രണ്ട് പ്രാവശ്യം കോവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദ്ദേശിച്ച് കാനേഡിയന്‍ ആരോഗ്യ വിദഗ്ധര്‍

By: 600002 On: Apr 18, 2022, 3:17 PM

 

കാനഡയില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈസ്റ്റര്‍ അവധിയാഘോഷങ്ങള്‍ക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുമ്പോള്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ആരോഗ്യ വിദഗ്ധര്‍. കൂട്ടംകൂടലുകളില്‍ പരമാവധി ജാഗ്രത പാലിക്കാനും മുന്‍കരുതലുകളെടുക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒത്തുചേരലുകള്‍ക്കായി പോകുന്നവര്‍ കഴിയുന്നതും കോവിഡ് പരിശോധന നടത്തേണ്ടുന്നതിന്റെ ആവശ്യകതയും ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. 

വീടുകളില്‍ സ്വയം നടത്തുന്ന റാപിഡ് ആന്റിജന്‍ ടെസ്റ്റുകളെ അത്രമേല്‍ വിശ്വസിക്കരുതെന്നാണ് ഒന്റാരിയോ കോവിഡ്-19 സയന്‍സ് അഡൈ്വസറി ടേബിള്‍ സയന്റിഫിക് ഡയറക്ടര്‍ ഡോ.പീറ്റര്‍ ജുനി മാധ്യമങ്ങളോട് പറയുന്നത്.  ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2വില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് എത്ര പ്രായോഗികമാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി കൂടിക്കാഴ്ചയ്ക്ക് പോകുന്നതിനു മുമ്പ് രണ്ട് റാപിഡ് ആന്റിജന്‍ ടെസ്റ്റെങ്കിലും നടത്തണമെന്ന് അദ്ദേഹം ശുപാര്‍ശ ചെയ്യുന്നു. രണ്ട് ടെസ്റ്റുകള്‍ നടത്തി കോവിഡ് ബാധിതനാണോ എന്നറിഞ്ഞതിനു ശേഷം മാത്രം വീടിനു പുറത്തേക്ക് ഇറങ്ങുക. കുറഞ്ഞത് 24 മണിക്കൂര്‍ ഇടവിട്ട് രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും ടെസ്റ്റ് നടത്തുന്നത് നല്ലതായിരിക്കും. ഇതുവഴി കോവിഡ് വ്യാപനം കുറയ്ക്കാന്‍ പരമാവധി സാധിക്കും. 

കോവിഡ് ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതെ എത്രയും പെട്ടെന്ന് സ്വയം നിരീക്ഷണത്തിലേക്ക് മാറേണ്ടതാണ്. 

തുറസ്സായ സ്ഥലത്ത് കൂട്ടംകൂടലുകള്‍ നടത്തുമ്പോള്‍ ശരിയായ അകലം പാലിച്ച് നില്‍ക്കുക. മാസ്‌ക് ധരിക്കുന്നതാണ് ഉചിതം. വായുസഞ്ചാരമുള്ള സ്ഥലവുമായിരിക്കണം. വീടിനോ ഹാളുകള്‍ക്കുള്ളിലോ പരിപാടി സംഘടിപ്പിക്കുന്നവര്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിക്കുക. ആള്‍ക്കൂട്ടം ഒഴിവാക്കാനും റൂമിനുള്ളില്‍ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡോ.ജൂനി നിര്‍ദ്ദേശിക്കുന്നു.