മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; മയോ ക്ലിനിക്കില്‍ ചികിത്സ തുടരും 

By: 600002 On: Apr 18, 2022, 12:08 PM

തിരുവനന്തപുരം:  തുടര്‍ചികിത്സകളുടെ ഭാഗമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക് യാത്ര തിരിക്കും. മയോക്ലിനിക്കില്‍ ചികിത്സയിലിരിക്കുന്ന മുഖ്യമന്ത്രി ഈമാസം 23 നാണ് അമേരിക്കയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പൊതുഭരണവകുപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നല്‍കി. 

ഈ വര്‍ഷമാദ്യം 15 ദിവസത്തെ ചികിത്സയ്ക്കായി അമേരിക്കയിലെത്തിയിരുന്നു. ജനുവരി 15 മുതല്‍ 26 വരെ ചികിത്സയിലിരുന്ന മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയുമുണ്ടായിരുന്നു. ഇത്തവണ മുഖ്യമന്ത്രിക്കൊപ്പം ആരെല്ലാമുണ്ടാകുമെന്ന് വ്യക്തമല്ല. 

അതേസമയം, അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് മുഖ്യമന്ത്രിക്ക് 29.82 ലക്ഷം രൂപ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. തുകയനുവദിച്ച് ഈ മാസം 13ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വസ്തുതാ പിഴവുണ്ടെന്നു കാട്ടിയാണ് റദ്ദാക്കല്‍. തുക കിട്ടാനായി പുതിയ അപേക്ഷ സമര്‍പ്പിച്ച് പുതുക്കി ഉത്തരവിറക്കുന്നതു വരെ കാത്തിരിക്കണം.