ഐഫോണ്‍ വിതരണകമ്പനി പെഗാട്രോണ്‍ ചൈനയിലെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചു 

By: 600002 On: Apr 18, 2022, 11:20 AM

 

ടെക് ഭീമന്‍ ആപ്പിളിന്റെ ചൈനയിലെ മുന്‍നിര നിര്‍മാണ, വിതരണകമ്പനികളില്‍ ഒന്നായ പെഗാട്രോണ്‍ ഷാങ്ഹായിലെ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഷാങ്ഹായില്‍ തുടരുന്ന കര്‍ശന കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ഷാങ്ഹായിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്. ഷാങ്ഹായില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ രണ്ട് ഫാക്ടറികള്‍ പൂട്ടുകയാണെന്ന് പെഗാട്രോണ്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതു വരെ പ്രവര്‍ത്തനം തുടരുകയില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. 

ഫാക്ടറി പുനരാരംഭിക്കുന്നതെപ്പോഴാണെന്ന് സര്‍ക്കാര്‍ അറിയിക്കും. എത്രയും വേഗം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനായി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 

ഏത് തരത്തിലുള്ള നിര്‍മാണത്തെയാണ് ഇത് ബാധിക്കുക എന്നത് വ്യക്തമല്ല. ഐഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നിര്‍മിക്കുന്ന തായ്‌വാനീസ് കമ്പനിയായ പെഗാട്രോണിന് ഫാക്ടറിയില്‍ ആവശ്യമായ തൊഴിലാളികളെയും മറ്റ് ജീവനക്കാരെയും നിര്‍ത്തിക്കൊണ്ട് ക്ലോസ്ഡ് ലൂപ് സിസ്റ്റം പ്രകാരം പ്രവര്‍ത്തിക്കാന്‍ നേരത്തെ ഷാങ്ഹായില്‍ അനുവാദം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കമ്പനി മറ്റ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. 

ചൈനയില്‍ കര്‍ശന കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രവര്‍ത്തനം തടസ്സപ്പെട്ട കമ്പനികള്‍ നിരവധിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.