കാനഡയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു: ബുക്ക് ചെയ്തവര്‍ നീണ്ട നാള്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Apr 18, 2022, 9:04 AM


കാനഡയില്‍ ഷോക്കടിപ്പിക്കുന്ന ഇന്ധനവില ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിലേക്ക് ആളുകളെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ നിര്‍മാതാക്കളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഡിമാന്റ് ഏറിയതോടെ ഇവി വാഹനങ്ങള്‍ ബുക്ക് ചെയ്തവര്‍ നീണ്ട നാള്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നീണ്ട കാത്തിരിപ്പ് ഉപഭോക്താക്കളെയും ഒപ്പം നിര്‍മാണ കമ്പനികളെയും വലയ്ക്കുകയാണ്. 

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശവും ആഗോള ഇന്ധന ആവശ്യകതയും വര്‍ധിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ധനവില കഴിഞ്ഞമാസം ലിറ്ററിന് 2 ഡോളര്‍ വരെ ഉയര്‍ത്തി. ഇന്ധന വില കുതിച്ചുയരാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കനേഡിയന്മാര്‍ക്കിടയില്‍ സീറോ എമിഷന്‍ വാഹനങ്ങളോടുള്ള താല്‍പ്പര്യവും വര്‍ധിച്ചിട്ടുണ്ടെന്ന് ഹാലിഫാക്‌സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന വില്‍പ്പന കമ്പനി ഉടമസ്ഥനും ഇലക്ട്രിക് വെഹിക്കിള്‍ അസോസിയേഷന്‍ ഓഫ് അറ്റ്‌ലാന്റിക് കാനഡ പ്രസിഡന്റുമായ ജെറമി ബെര്‍നാഡിന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ക്ക് അധിക പിന്തുണ നല്‍കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഓട്ടോമോട്ടീവ് പ്രസിദ്ധാകരണമായ മോട്ടോര്‍ ഇല്ലസ്‌ട്രേറ്റഡ് പറയുന്നതനുസരിച്ച് കാനഡയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്നത് ടെസ്ല കമ്പനിയാണ്. കമ്പനി നിര്‍മിക്കുന്ന ഓരോ മോഡലിനെ ആശ്രയിച്ച് വാഹന ഡെലിവറി സമയം മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിസാന്‍ പോലുള്ള ചില നിര്‍മാണ കമ്പനികളുടെ വില്‍പ്പന പട്ടികയിലെ കണക്കുകള്‍ പ്രകാരം 2022 മോഡല്‍ വര്‍ഷത്തേക്കുള്ള ഇലക്ട്രിക് വാഹനങ്ങള്‍ പൂര്‍ണമായും വിറ്റഴിച്ചുവെന്നാണ്. 

അതേസമയം, ഗ്യാസ് വില കുതിച്ചുയരുന്നതിനു മുമ്പ് തന്നെ വിപണിയില്‍ ഇലക്ട്രിക് കാറുകളുടെ ക്ഷാമം ഉണ്ടായിരുന്നതായി ട്രാന്‍സ്‌പോര്‍ട്ട് കാനഡ വിലയിരുത്തുന്നു. 2021 ല്‍ മാര്‍ച്ചില്‍ ട്രാന്‍സ്‌പോര്‍ട്ട് കാനഡ കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ട് അനുസരിച്ച് 
ഡീലര്‍ഷിപ്പുകളില്‍ പകുതിയിലധികവും ഇലക്ട്രിക് വാഹനങ്ങള്‍ സ്റ്റോക്കില്‍ ഇല്ലെന്ന് കണ്ടെത്തി.

2020 അവസാനത്തോടെ പാന്‍ഡമിക് കാലത്ത് മൈക്രോചിപ്പുകളുടെ ക്ഷാമം ഓട്ടോമോട്ടീവ് വ്യവസായത്തെ ബാധിക്കുന്ന സാഹചര്യത്തിലും ഇലക്ട്രിക് വാഹനങ്ങളോട് താല്‍പ്പര്യം വന്നുതുടങ്ങിയിരുന്നു. മൈക്രോചിപ്പുകളുടെ ക്ഷാമം വാഹന നിര്‍മാണത്തെ ബാധിച്ചു. കുറച്ച് വാഹനങ്ങള്‍ മാത്രം വിപണിയിലെത്തിച്ചപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കൂടി. 

ഫെഡറല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത് പോലെ, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ സ്വന്തം സീറോ എമിഷന്‍ വെഹിക്കിള്‍ മാന്‍ഡേറ്റ് നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. 2026 ഓടെ 20 ശതമാനവും 2035 ഓടെ 100 ശതമാനവും പുതിയ പാസഞ്ചര്‍ വാഹനങ്ങളും ലൈറ്റ് ഡ്യൂട്ടി ട്രക്കുകളും സീറോ എമിഷന്‍ ആക്കണമെന്ന് സര്‍ക്കാര്‍ പദ്ധതിയിട്ടുണ്ട്.