എയ്ഡ്‌സിനോട് പൊരുതി,പ്രണയത്തോട് തോറ്റു; ബെന്‍സണ്‍ യാത്രയായി അവഗണനകളില്ലാത്ത ലോകത്തേക്ക്  

By: 600002 On: Apr 18, 2022, 8:30 AM

 

കൊല്ലത്ത് ആദ്യമായി എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയായ ബെന്‍സണും വിവേചനവും അവഗണനയുമില്ലാത്ത ലോകത്തേക്ക് യാത്രയായി. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ ബന്ധുവീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 

മലയാളികള്‍ ഒരിക്കലും മറക്കാത്ത പേരുകളാണ് ബെന്‍സണിന്റെയും ബെന്‍സിയുടെയും. അച്ഛന്‍ ചാണ്ടിയും അമ്മ മേരിയും എയ്ഡ്‌സ് വന്ന് മരിച്ചതോടെ ഇരുവരും എല്ലാരില്‍ നിന്നും ഒറ്റപ്പെട്ടു. നാട്ടിലും സ്‌കൂളിലും ആരും അടുപ്പിച്ചില്ല. അമ്മൂമ്മയ്‌ക്കൊപ്പമായിരുന്നു ഇരവരുടെയും പിന്നീടുള്ള ജീവിതം. 

വിവേചനവും അവഗണനയും നേരിട്ടപ്പോള്‍ ആശ്വസിപ്പിക്കാന്‍ അന്ന് കേന്ദ്ര മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഉള്‍പ്പടെയുള്ളവര്‍ എത്തി. പിന്നീട് കാലം ഇവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. 

പത്ത് വര്‍ഷം മുമ്പ് രോഗം മൂര്‍ച്ഛിച്ച് ബെന്‍സിയും അടുത്തിടെ അമ്മൂമ്മയും മരിച്ചതോടെ ബെന്‍സണ്‍ ജീവിതത്തില്‍ പിന്നെയും ഒറ്റപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കൊട്ടാരക്കരയിലെ ബന്ധുവീട്ടില്‍ താമസിച്ചു. 

പ്രതിസന്ധികള്‍ തരണം ചെയ്തുവെങ്കിലും പ്രണയം ജീവനെടുത്തു. പ്രണയം പരാജയപ്പെട്ടപ്പോള്‍ ബെന്‍സണിന് അത് താങ്ങാനാകുമായിരുന്നില്ല. കാമുകിയുമായി പിണങ്ങിയ ബെന്‍സണ്‍ കഴിഞ്ഞ ഒരാഴ്ചയായി മാനസികസംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഒടുവില്‍ പ്രണയനൈരാശ്യത്തില്‍ നിന്നും പുറത്തുകടക്കാനാകാതെ ബെന്‍സണ്‍ ആത്മഹ്യയില്‍ അഭയം തേടി, അവഗണനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.