നേപ്പാളിലും സാമ്പത്തിക പ്രതിസന്ധി: ഇന്ധന വില നാലിരട്ടി കൂട്ടി; സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി 

By: 600002 On: Apr 18, 2022, 8:08 AM

 

ശ്രീലങ്കയില്‍ തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ നേപ്പാളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്.  ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും അവശ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയരുകയാണ്. ജനങ്ങള്‍ ആശങ്കയുടെ മുള്‍മുനയിലായിരിക്കുകയാണ് നേപ്പാളില്‍. 

പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ഇന്ധന ഉപയോഗം കുറയ്ക്കാനും അതിനായി രണ്ട് ദിവസം സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇറക്കുമതി നിയന്ത്രിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് രാജ്യം നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. 

രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കുതിക്കുകയാണ്. 20 ശതമാനത്തിലേറെ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചപ്പോള്‍ ഇന്ധന വില സര്‍ക്കാര്‍ നാലിരട്ടിയാക്കി. ഒരു ലിറ്റര്‍ പെട്രോളിന് 150 രൂപയും ഡീസലിനും മണ്ണെണ്ണയ്ക്കും 133 രൂപയുമാണ് വില. രാജ്യത്തിന്റെ കടം മൊത്തംവരുമാനത്തിന്റെ 43 ശതമാനത്തിലേറെയായി എന്നാണ് കണക്കുകള്‍.