വിനോദസഞ്ചാരത്തിനായി റിബേറ്റ്; മാനിറ്റോബയില്‍ 'ട്രിപ്പ്' പ്രോഗ്രാം വീണ്ടും അവതരിപ്പിക്കുന്നു

By: 600002 On: Apr 18, 2022, 7:43 AM

 

യാത്രകള്‍ ഇഷ്ടപ്പെടുന്ന, കൂടുതല്‍ സ്ഥലങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ട്രിപ്പ് പദ്ധതി പുനരവതരിപ്പിച്ച് മാനിറ്റോബ. മാനിറ്റോബ ടൂറിസം റിബേറ്റ് ഇന്‍സെന്റീവ് പ്രോഗ്രാം(ട്രിപ്പ്) എന്ന പദ്ധതി ഈ അവധിക്കാലത്ത് വിനോദസഞ്ചാരികള്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ. മെയ് ആറ് മുതലാണ് പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്ത് തുടങ്ങാനാവുക. 

കഴിഞ്ഞ വേനല്‍ക്കാലത്ത് ആരംഭിച്ച പ്രോഗ്രാം പ്രവിശ്യക്ക് അകത്തോ പുറത്തോ സഞ്ചരിക്കുന്ന വിനോദയാത്രികര്‍ക്ക് ഏതെങ്കിലും ഹോട്ടലിലോ മോട്ടലിലോ താമസിക്കുമ്പോള്‍ 100 ഡോളര്‍ റിബേറ്റ് നല്‍കുന്നു. പദ്ധതി തുടങ്ങി ഇതുവരെ മാനിറ്റോബയിലെ 25,000 ത്തിലധികം പേര്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തി. മൊത്തം 2.2 മില്യണ്‍ ഡോളര്‍ റിബേറ്റായി നല്‍കിയെന്നാണ് കണക്കുകള്‍. 

ഈ റിബേറ്റ് പദ്ധതി പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവിശ്യയിലുടനീളം സഞ്ചരിക്കാനും പ്രവിശ്യയുടെ മനോഹാര്യത ആസ്വദിക്കാനും വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് മാനിറ്റോബ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റും സിഇഒയുമായ ചക്ക് ഡേവിഡ്‌സണ്‍ പറഞ്ഞു. 

തങ്ങള്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത സഞ്ചാരികള്‍ പറഞ്ഞത് അവര്‍ യാത്രയ്ക്കായി ശരാശരി 510 ഡോളര്‍ ചെലവഴിച്ചുവെന്നാണ്. അതായത് മൊത്തം കണക്കാക്കിയ 11.2 മില്യണ്‍ ഡോളര്‍ ചെലവായി. ഇത് നിക്ഷേപത്തിന്റെ ഏകദേശം അഞ്ചില്‍ ഒന്ന് റിട്ടേണിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ട്രിപ്പ് വഴി റിബേറ്റ് ലഭിക്കാനായി Trip.MB.ca യില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്ര നടത്തിയതിന് ശേഷം ഇ-മെയിലില്‍ 100 ഡോളറിന്റെ ചെക്ക് ലഭിക്കും. അല്ലെങ്കില്‍ പേപാല്‍(PayPal)  വഴിയായും റിബേറ്റ് ലഭ്യമാകും. 

പതിനെട്ട് വയസ്സിനു മുകളിലുള്ള മാനിറ്റോബയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ട്രിപ്പ് പദ്ധതി വഴി റിബേറ്റിന് അപേക്ഷിക്കാം. രണ്ട് രീതിയിലുള്ള റിബേറ്റ് ഓപ്ഷനില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കാവുന്നതാണ്.