എഡ്മന്റണിലെ മക്നാലി ഹൈസ്കൂളിന് പുറത്ത് വെച്ചുണ്ടായ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിനാറുകാരന് മരിച്ചു. സ്വകാര്യത കണക്കിലെടുത്ത് സ്കൂള്‍ അധികൃതര്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഹോമിസൈഡ് ഡിറ്റക്റ്റീവ്സ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ഏപ്രില്‍ 20ന് വിദ്യാര്‍ത്ഥിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തും.
ഏപ്രില്‍ 8 നായിരുന്നു വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടത്. ഉച്ചകഴിഞ്ഞ് സ്കൂളിന് പുറത്ത് സംഘര്‍ഷം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതേതുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. പോലീസ് എത്തുന്നതിനു മുമ്പ് അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച വിദ്യാര്‍ത്ഥി മരണമടയുകയായിരുന്നു.
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നിരവധി യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പോലീസ് അറിയിച്ചു.
സ്കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും മരണപ്പെട്ട വിദ്യാര്‍ത്ഥിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.