120 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ 24 വര്‍ഷത്തിനുശേഷം നിരപരാധി; ഒരു മില്യന്‍ നഷ്ടപരിഹാരം

By: 600084 On: Apr 18, 2022, 3:47 AM

പി.പി. ചെറിയാൻ, ഡാളസ്, യു.എസ്.എ 

മില്‍വാക്കി: രണ്ടു ഭവനഭേദനം, ലൈംഗീകപീഡനം തുടങ്ങിയ കേസുകളില്‍ പ്രതിയായ ഡാറില്‍ ഡ്വയ്ന്‍ ഹോളൊവെക്ക് കോടതി വിധിച്ചത് 120 വര്‍ഷത്തെ തടവ് ശിക്ഷ.

1993-ല്‍ നടന്ന സംഭവത്തില്‍ ശിക്ഷ വിധിക്കുമ്പോള്‍ ഹൊളോവെയുടെ വയസ് 48. ഇരുപത്തിനാല് വര്‍ഷം തടവില്‍ കഴിഞ്ഞ പ്രതി നിരപരാധിയെന്ന് വിദഗ്ധ പരിശോധനകളില്‍ കണ്ടെത്തി വിട്ടയ്ക്കാന്‍ കോടതി വിധിച്ചത് 2022 ഏപ്രില്‍ 14-നാണ്.

വിസ്‌കോണ്‍സിന്‍ ക്ലെയിംസ് ബോര്‍ഡ് ഏപ്രില്‍ 15-ന് വിസ്‌കോണ്‍സിന്‍ നിയമസഭയോട് ഹൊളോവെയ്ക്ക് ഒരു മില്യന്‍ നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശം നല്കി. ബോര്‍ഡ് അംഗങ്ങള്‍ ഐക്യകണ്‌ഠ്യേനയായിരുന്നു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. ഇത്രയും തുക നല്‍കണമെങ്കില്‍ നിയമസഭ പ്രത്യേകം യോഗം ചേര്‍ന്ന് ബില്‍ പാസാക്കണം.

വിസ്‌കോണ്‍സിന്‍ നിയമമനുസരിച്ച് നഷ്ടപരിഹാരമായി ഈ കേസില്‍ നല്‍കാവുന്നത് 25,000 ഡോളറാണ്. ഇതുകൂടാതെ അറ്റോര്‍ണി ഫീസായി 100,000 ഡോളറും നല്‍കണം. 25,000 ഡോളര്‍ ഒരു മില്യന്‍ ഡോളറാക്കി മാറ്റുന്നതിന് ശേഷിക്കുന്ന (975,000) തുകയ്ക്ക് നിയമസഭയുടെ പ്രത്യേകം അംഗീകാരം ആവശ്യമാണ്. ഈയിനത്തില്‍ ഏറ്റവും കൂടുതല്‍ തുക സമ്പാദിക്കാവുന്ന പ്രായത്തിലാണ് ഹൊളോവെയ്ക്ക് ജയിലില്‍ കഴിയേണ്ടിവന്നത്. മാത്രമല്ല മാനസീകാഘാതവും, പ്രിയപ്പെട്ടവര്‍ തന്നില്‍ നിന്ന് അകന്നതുമൂലം ഉണ്ടായതു മൂലം ഉണ്ടായ പ്രയാസങ്ങള്‍ക്കാണ് ഒരു മില്യന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇദ്ദേഹം പ്രതിയാണെന്നതിന് ഡി.എന്‍.എ ടെസ്റ്റിനോ, ക്രൈം സീനില്‍ ആവശ്യമായ പരിശോധനകളോ നടത്തിയിരുന്നില്ലെന്ന് ക്ലെയിംസ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. തെറ്റിധരിക്കപ്പെട്ട തിരിച്ചറിയലാണ് നടത്തിയത്. 2016-ല്‍ ഇദ്ദേഹത്തിന്റെ പേരിലുള്ള പല കേസുകളും ഒഴിവാക്കുകയും ചെയ്തിരുന്നു.