സ്കാർബറോയിൽ മുസ്ലിം പള്ളിയ്ക്ക് പുറത്ത് വെടിവെയ്പ്പ്; അഞ്ചു പേർക്ക് പരുക്കേറ്റു

By: 600007 On: Apr 17, 2022, 10:13 PM


ശനിയാഴ്ച പുലർച്ചെ ഒന്റാരിയോ സ്കാർബറോയിൽ മുസ്ലിം പള്ളിയിൽ നിന്നും റംസാൻ പ്രാർത്ഥന പൂർത്തിയാക്കി പാർക്കിങ് ലോട്ടിൽ നിന്നിരുന്ന അഞ്ചു പേർക്ക് നേരെ അജ്ഞാതർ വെടിയുതിർത്തതായി ടൊറന്റോ പോലീസ്. മർക്കം റോഡിന്റെയും ലോറൻസ് അവന്യൂ ഈസ്റ്റിന്റെയും അടുത്തുള്ള പള്ളിയിലെ പാർക്കിംഗ് സ്ഥലത്ത് നിന്നവർക്കാണ് വെടിയേറ്റത്. മർക്കം റോഡിലൂടെ സഞ്ചരിച്ചിരുന്ന ഒരു വാഹനത്തിൽ നിന്നാണ് വെടി വെച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്.  

അക്രമികൾ എത്രപേരുണ്ടായിരുന്നുവെന്നോ വെടി വെയ്പ്പിന്റെ കാരണം എന്താണെന്നും ഇത് വരെ വ്യക്തമല്ല. വെടിയേറ്റവരെ  ജീവന് അപകടകരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെകുറിച്ച് എന്തെങ്കിലും വിവരങ്ങളോ ഡാഷ് ക്യാമറ ദൃശ്യങ്ങളോ ഉള്ളവർ 43 ഡിവിഷനുമായോ ക്രൈം സ്റ്റോപ്പർമാരുമായോ അജ്ഞാതമായി ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെടുന്നു.