റഷ്യ-ഉക്രെയ്ന്‍ യുദ്ധം: മൂന്നാം ലോക മഹായുദ്ധമെന്ന് വിശേഷിപ്പിച്ച് റഷ്യന്‍ ടിവി ചാനല്‍ 

By: 600002 On: Apr 16, 2022, 12:29 PM


ഉക്രെയ്‌നില്‍ തുടരുന്ന റഷ്യന്‍ അധിനിവേശത്തെയും ആക്രമണങ്ങളെയും മൂന്നാം ലോക മഹായുദ്ധമെന്ന് വിശേഷിപ്പിച്ച് റഷ്യ. ഉക്രെയ്‌നെതിരെയുള്ള റഷ്യയുടെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി കരിങ്കടലില്‍ വിന്യസിച്ചിരുന്ന റഷ്യയുടെ കൂറ്റന്‍ യുദ്ധക്കപ്പല്‍ ഉക്രെയ്ന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതോടെയാണ് മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചുവെന്ന് പറഞ്ഞുകൊണ്ട് റഷ്യന്‍ ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. 

റഷ്യന്‍ സര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന റഷ്യ വണ്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് ഇത്തരത്തില്‍ യുദ്ധത്തെ വിശേഷിപ്പിച്ചത്. 

ചാനലിലെ വാര്‍ത്താ അവതാരകനായ ഓല്‍ഗ സ്‌കബയോവ ചര്‍ച്ചയ്ക്കിടയിലാണ് പരാമര്‍ശം നടത്തിയത്. റഷ്യയുടെ കൂറ്റന്‍ കപ്പലാണ് ഉക്രെയ്ന്‍ തകര്‍ത്തത്. ഇത് മൂന്നാം ലോകമാഹായുദ്ധത്തിന്റെ സൂചനയാണെന്ന് അവതാരകന്‍ വിശേഷിപ്പിച്ചു. 

ഉക്രെയ്‌നില്‍ നടത്തുന്ന ആക്രമണത്തെ റഷ്യ ഔദ്യോഗികമായി യുദ്ധം എന്ന് വിശേഷിപ്പിച്ചിട്ടില്ല. അതിനുപകരം പ്രത്യേക സൈനിക നടപടിയെന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഇക്കാര്യം ചര്‍ച്ചയില്‍ പങ്കെടുത്തയാള്‍ സൂചിപ്പിച്ചപ്പോള്‍ നമ്മളല്ല യുദ്ധം ചെയ്യുന്നത് ശത്രുക്കളാണെന്നായിരുന്നു അവതാരകന്‍ പറഞ്ഞത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനം സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.