ഡാനിഷ് ഓപ്പണില്‍ നേട്ടം കൊയ്ത് സജനും വേദാന്തും; ആശംസയറിയിച്ച് നടന്‍ മാധവന്‍ 

By: 600002 On: Apr 16, 2022, 12:06 PM

 

കോപ്പന്‍ഹേഗില്‍ നടന്ന ഡാനിഷ് ഓപ്പണില്‍ നീന്തല്‍ മത്സരത്തില്‍ അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ് കേരളത്തിന്റെ സജന്‍ പ്രകാശും നടന്‍ മാധവന്റെ മകന്‍ വേദാന്ത് മാധവും. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ സജന്‍ സ്വര്‍ണ മെഡല്‍ നേടി. 1500 മീറ്റര്‍ വിഭാഗത്തില്‍ വേദാന്ത് വെള്ളി മെഡല്‍ കരസ്ഥമാക്കി. 

ഇരുവരുടെയും നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് നടന്‍ മാധവന്‍ താരങ്ങളെ ട്വിറ്ററില്‍ ആശംസിച്ചു. ഒപ്പം പരിശീലകനായ പ്രദീപ് കുമാറിനും നന്ദിയറിയിച്ചു. 

നീന്തല്‍ മത്സരങ്ങളില്‍ നിരവധി നേട്ടങ്ങള്‍ക്കര്‍ഹനാണ് ഇടുക്കി സ്വദേശിയായ സജന്‍ പ്രകാശ്. 2015 ല്‍ ദേശീയ ഗെയിംസില്‍ ആറ് സവ്ര്#ണവും 3 വെള്ളിയും നേടി ദേശീയ ഗെയിംസിന്റെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016 ലെ റിയോ ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 

ബംഗളൂരുവില്‍ നടന്ന 47 ാമത് ദേശീയ ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ വേദാന്ത് നാല് വെള്ളി മെഡലുകളും മൂന്ന് വെങ്കലവും നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലാത്വിയന്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും കരസ്ഥമാക്കി.