ബോക്‌സ് ഓഫീസില്‍ വിജയം കൊയ്ത് 'കെജിഎഫ്'; കളക്ഷന്‍ 'ബീസ്റ്റി'നെ മറികടന്നുവെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Apr 16, 2022, 11:01 AM

 

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വന്‍ തരംഗമായി മാറിയിരിക്കുകയാണ് 'കെജിഎഫ് ചാപ്റ്റര്‍ 2'. ഇന്ത്യയൊട്ടാകെ വന്‍ പ്രതികരണമാണ് ചിത്രം റിലീസായത് മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യദിനം 134.5 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകള്‍. കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിച്ച നടന്‍ പൃഥ്വിരാജ് കളക്ഷന്‍ വിവരം പുറത്തുവിട്ടു. 

വിജയ് ചിത്രം 'ബീസ്റ്റി'നൊപ്പമാണ് കെജിഎഫ് ചാപ്റ്റര്‍ 2 വും റിലീസ് ചെയ്തത്. എന്നാല്‍ ബീസ്റ്റിന്റെ റെക്കോര്‍ഡ് കെജിഎഫ് തീര്‍ത്തുവെന്നാണ് കണക്കുകള്‍. കേരളത്തില്‍ നിന്നും  ബീസ്റ്റ് ആദ്യ ദിനം നേടിയ കളക്ഷന്‍ 6.6 കോടി രൂപയായിരുന്നു. എന്നാല്‍ കെജിഎഫ് 7.1 കോടി രൂപയാണ് കേരളത്തില്‍ നിന്നു മാത്രം നേടിയതെന്നാണ് സൂചന. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ എല്ലാ ഭാഷകളിലും കെജിഎഫിന് വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ലോകമെമ്പാടുമായി ഏകദേശം 10,000 സ്‌ക്രീനുകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകള്‍ ഇന്ത്യയിലുടനീളം ഏകദേശം 6500 സ്‌ക്രീനുകളില്‍ ലഭ്യമാണ്. കൂടാതെ ഹിന്ദി പതിപ്പ് മാത്രം ഏകദേശം 4000 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നു.