യുഎസിലും യൂറോപ്പിലും കുട്ടികള്‍ക്കിടയില്‍ അജ്ഞാത കരള്‍ രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കരള്‍ രോഗം പടരുന്നതിനുള്ള കാരണം എന്താണെന്നും ഏത് തരം വൈറസാണെന്നും ആരോഗ്യ വിദഗ്ധര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണയായി ജലദോഷവുമായി ബന്ധപ്പെട്ട ഒരുതരം വൈറസുമായി ഇത് ബന്ധപ്പെട്ടിരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ കരുതുന്നത്.
കരള്‍വീക്കത്തിന് സമാനമായ രോഗമാണ് കുട്ടികളില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ സാധാരണ കരള്‍വീക്കത്തിന് കാരണമായ വൈറസുകളായ ഹൈപ്പറ്റിറ്റീസ് എ,ബി,സി, ഇ എന്നിവയല്ല രോഗകാരണമെന്നാണ് കണ്ടെത്തല്‍. രോഗകാരണം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ബ്രിട്ടനില്‍ കുട്ടികളില്‍ കരള്‍ വീക്കം ഉണ്ടായതിന്റെ 74 കേസുകളാണ് പരിശോധിക്കുന്നത്. സമാനമായ ഏതാനും കേസുകള്‍ സ്‌പെയിനിലും അയര്‍ലണ്ടിലും പരിശോധിക്കുകയാണെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു. യുഎസില്‍ ഇത്തരത്തില്‍ കാരണമറിയാത്ത കരള്‍ വീക്കത്തിന്റ ഒമ്പത് കേസുകളാണ് അന്വേഷിക്കുന്നത്. യുഎസിലെ എല്ലാ കേസുകളും അലബാമ സംസ്ഥാനത്താണ്. യുഎസില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ആരോഗ്യ അധികൃതര്‍. കുട്ടികളിലെ കരള്‍ വീക്കത്തിന്റെ കൂടുതല്‍ കേസുകള്‍ വരും നാളുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഒന്ന് മുതല്‍ ആറ് വയസുള്ള കുട്ടികളിലാണ് യുഎസില്‍ ഇത്തരത്തിലുള്ള കരള്‍ വീക്കം കണ്ടെത്തിയത്. ഈ രോഗം പിടിപ്പെട്ട രണ്ട് കുട്ടികള്‍ക്ക് കരള്‍മാറ്റി വയ്ക്കല്‍ വേണ്ടിവന്നു. രോഗം പിടിപ്പെട്ട ചില കുട്ടികളില്‍ അഡിനോവൈറസ് പോസിറ്റിവായിരുന്നു.
സ്‌കോട്ട്‌ലന്‍ഡിലെ 10 ഓളം കുട്ടികളിലാണ് ആദ്യമായ കരള്‍ രോഗം കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന അന്ന് മുതല്‍ ഇതിനെക്കുറിച്ച് ജാഗ്രരൂകരായി. ഒരാള്‍ ജനുവരിയിലും മറ്റ് 9 പേര്‍ മാര്‍ച്ചിലും രോഗബാധിതരായി. രോഗം ഗുരുതരമായതിനെതുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇവര്‍ക്ക് ഹെപ്പറ്റൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തി.