ഫ്രീസര്‍  തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടം: കാനഡയില്‍ ജിഇ ഫ്രിഡ്ജുകള്‍ തിരിച്ചുവിളിച്ചു 

By: 600002 On: Apr 15, 2022, 2:28 PM

 

ഫ്രീസര്‍ ഡ്രോയര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ താഴെ വീണ് ആളുകള്‍ക്ക് പരുക്ക് പറ്റിയെന്ന പരാതിയില്‍ ജിഇ ബ്രാന്‍ഡഡ് ഫ്രിഡ്ജുകള്‍ കാനഡയിലെ വിപണികളില്‍ നിന്ന് ഹെല്‍ത്ത് കാനഡ തിരിച്ചുവിളിച്ചു. യുഎസില്‍ വിറ്റഴിച്ച ഫ്രിഡ്ജുകളുടെ ഫ്രീസര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ താഴേക്ക് വീണ് മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക് പറ്റിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ജിഇ ഫ്രിഡ്ജുകള്‍ തിരിച്ചുവിളിച്ചത്. 

ഫ്രീസറിന്റെ ഹാന്‍ഡില്‍ വേര്‍പെടുത്താന്‍ വേണ്ടി ശ്രമിക്കുന്നതിനിടയിലാണ് മിക്കവര്‍ക്കും അപകടം സംഭവിച്ചിരിക്കുന്നത്. വീഴ്ചയുടെ അപകടസാധ്യത കണക്കിലെടുത്ത് ഹെല്‍ത്ത് കാനഡ മൂന്ന് ജിഇ ബ്രാന്‍ഡ് ഫ്രിഡ്ജ്-ഫ്രീസര്‍ മോഡലുകള്‍ക്കാണ് റീകോള്‍ നോട്ടീസ് നല്‍കിയത്. 

ഹെല്‍ത്ത് കാനഡ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം, ഏകദേശം 2,282 യൂണിറ്റുകള്‍ കാനഡയിലും യുഎസില്‍ ഏകദേശം 155,000 യൂണിറ്റുകളും വിറ്റഴിച്ചു. അപകടം സംബന്ധിച്ച് യുഎസില്‍ 37 പരാതികള്‍ കമ്പനിക്ക് ലഭിച്ചു. എന്നാല്‍ കാനഡയില്‍ ഇത്തരത്തില്‍ പരാതികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഹെല്‍ത്ത് കാനഡ അറിയിച്ചു.