ഒത്തുചേരാം, ജാഗ്രതയോടെ; ആല്‍ബെര്‍ട്ടയില്‍ ഈസ്റ്റര്‍ ആഘോഷം കരുതലോടെ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ 

By: 600002 On: Apr 15, 2022, 11:14 AM

 

ആല്‍ബെര്‍ട്ടയില്‍ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ജാഗ്രത പാലിച്ചായിരിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ആഘോഷത്തിന്റെ ഭാഗമായി ഒത്തുചേരലുകള്‍ നടത്തുമ്പോള്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 

ഇത്രയും നാള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരുന്നു ജീവിതം. ഇപ്പോള്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നു. എന്നാല്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയിരിക്കുന്നു. അതിനാല്‍ സുഹൃത്തുക്കളും കുടുംബങ്ങളുമായി അവധി ആഘോഷിക്കുമ്പോള്‍ അല്‍പ്പം മുന്‍കരുതലുകള്‍ എടുക്കുന്നത് രോഗ വ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡീന ഹിന്‍ഷോ പറഞ്ഞു. 

ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മുന്‍കരുതലായി ചില നിര്‍ദേശങ്ങളും ആരോഗ്യ വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഇന്‍ഡോര്‍ ഗ്യാതറിംഗ്‌സ് ചെറുതായിരിക്കണമെന്നാണ് ഒരു നിര്‍ദേശം. വീടുകള്‍ക്കും ഹാളുകള്‍ക്കും മുറികള്‍ക്കുള്ളില്‍ വെച്ചും നടത്തുന്ന ആഘോഷങ്ങള്‍ പരമാവധി ആളുകളുടെ എണ്ണം കുറച്ചുകൊണ്ടായിരിക്കണം നടത്തേണ്ടത്. തുറസ്സായ സ്ഥലത്ത് ആഘോഷപരിപാടികള്‍ നടത്തുന്നതായിരിക്കും എപ്പോഴും നല്ലത്. 

ഈസ്റ്റര്‍ എഗ് ഹണ്ട് പോലുള്ള പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടെ കൈകഴുന്നതും സുരക്ഷ വര്‍ധിപ്പിക്കും. 

എന്തെങ്കിലും രോഗലക്ഷണമുള്ളവരോ അസുഖമുള്ളവരോ വീടിനു പുറത്ത് പരിപാടികളില്‍ പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതം. റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരാണെങ്കിലും അവര്‍ വീടുകളില്‍ തന്നെ കഴിയുന്നതാണ് ഉത്തമം. 

ഈസ്റ്റര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നവരും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.