കോവിഡ്-19: ഒന്റാരിയോയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മേയ് മാസത്തില്‍ 3,000 കവിയുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ് 

By: 600002 On: Apr 15, 2022, 10:10 AM

 


ഒന്റാരിയോയിലെ പുതിയ കോവിഡ് കണക്കുകള്‍ പ്രകാരം പ്രവിശ്യ സമൂഹവ്യാപന ഘട്ടത്തിലാണെന്നും അതിന്റെ മൂര്‍ധന്യാവസ്ഥയിലേക്ക് എത്തിയേക്കാമെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ശൈത്യകാലത്ത് കോവിഡിന്റെ അഞ്ചാം തരംഗത്തിന്റേതിനു സമാനമായ അവസ്ഥയാണ് ഇതുണ്ടാക്കുകയെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. 

സര്‍ക്കാരിന്റെ ആരോഗ്യ ഉപദേശക സമിതിയിലെ വിദഗ്ധര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം ഒന്റാരിയോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം മേയ് മാസത്തോടെ 3,000 ത്തിനു മുകളിലാകുമെന്നാണ്. ജനുവരി പകുതിയോടെ കോവിഡ് വ്യാപനം രൂക്ഷമാകാന്‍ തുടങ്ങിയതോടെ 4,183 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇതനുസരിച്ച് മേയ് മാസത്തിലും നാലായിരത്തിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 

ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുമെന്നും എന്നാല്‍ ഒമിക്രോണ്‍ വകഭേദം മൂലം നേരിട്ട അഞ്ചാം തരംഗത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ കുറവു വരും എന്നുമാണ് വിദഗ്ധരുടെ കണ്ടെത്തല്‍. മേയ് മാസത്തില്‍ 500 ല്‍ അധികം പേര്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ജനിവരിയില്‍ 626 പേരാണ് ഐസിയുവില്‍ പ്രേവേശിച്ചത്. 

ഓമിക്രോണിന്റെ ഉപവിഭാഗമായ ബിഎ. 2 വേരിയന്റിന്റെ വ്യാപനമാണ് ഇപ്പോള്‍ ഒന്റാരിയോയില്‍ നടക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍, പ്രവിശ്യയില്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23.6 ശതമാനമാണ് വര്‍ധിച്ചത്. ഇപ്പോള്‍ അഥി 1,392 ആയി ഉയര്‍ന്നു. ഫെബ്രുവരി പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.