ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ പുതിയ ശുപാര്‍ശ. വിരമിക്കുന്നതിന്റെ പിറ്റേവര്‍ഷം മുതല്‍ കേന്ദ്ര പെന്‍ഷനില്‍ 1% വീതം വര്‍ധന അനുവദിക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിക്കും. പ്രായം കൂടുന്നതിന് ആനുപാതികമായുള്ള പെന്‍ഷന്‍ വര്‍ധന 80 വയസ്സിനു പകരം 65 വയസ്സ് മുതല്‍ നടപ്പാക്കണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശയ്‌ക്കൊപ്പമാണ് ഇതും ധനമന്ത്രാലയം പരിഗണിക്കുന്നത്.
നിലവില്‍ 80 വയസ്സിലാണ് അടിസ്ഥാന പെന്‍ഷന്റെ 20 ശതമാനം വര്‍ധന ലഭിക്കുന്നത്. പുതിയ പദ്ധതി നടപ്പിലാകുകയാണെങ്കില്‍, ഓരോ വര്‍ഷവും 1% വര്‍ധിച്ച് 80 വയസ്സാകുമ്പോള്‍ നിലവിലുള്ളത് പോലെ തന്നെ 20 ശതമാനം വര്‍ധന ലഭിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം പെന്‍ഷന്‍ സംഘടനകളുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നടത്തിയ ചര്‍ച്ചയിലാണ് പെന്‍ഷനാകുന്നതിന് പിറ്റേവര്‍ഷം മുതല്‍ 1% വര്‍ധന എന്ന ആശയം അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയത്.