ടെസ്ല മേധാവി ഇലോണ്‍ മസ്ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഓഹരിയൊന്നിന് 54.20 ഡോളര്‍ വില നല്കി ഏറ്റെടുക്കാനാണ് മസ്ക് ആഗ്രഹം പ്രകടിപ്പിച്ചത്. ഇതനുസരിച്ച് കമ്പനിയുടെ മൂല്യം 4,139 കോടി ഡോളര്‍ വരും.
ഏപ്രില്‍ ഒന്നിലെ ഓഹരിവിലയേക്കാള്‍ 38 ശതമാനം കൂടുതലാണിത്. അന്തിമ വാഗ്ദാനമാണിതെന്നും വില ഇനി കൂടില്ലെന്നും മസ്ക് അറിയിച്ചു. ഇടപാട് നടന്നില്ലെങ്കില്‍ ഓഹരിയുടമയായി കമ്പനിയില്‍ തുടരണമോയെന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മസ്ക് അറിയിച്ചതായാണ് സൂചന.
രണ്ടാഴ്ച മുമ്പ് ട്വിറ്ററിന്റെ ഒന്‍പത് ശതമാനത്തിലേറെ ഓഹരികള്‍ മസ്ക് സ്വന്തമാക്കിയിരുന്നു. ഇതോടെ കമ്പനിയുടെ ഡയറക്ടര്‍ ബോര്ഡിലേക്കെത്തുമെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും ഡയറക്ടര്‍ സ്ഥാനം അദ്ദേഹം നിരസിച്ചു.
അതേസമയം, മസ്കിന്റെ ഓഫറിന്റെ തടവിലല്ല ട്വിറ്ററെന്ന് സിഇഒ പരാഗ് അഗ്രവാള്‍ പ്രതികരിച്ചു. മസ്കിന്റെ വാഗ്ദാനം സ്വീകരിക്കണമോയെന്ന് കമ്പനി ബോര്‍ഡ് വിലയിരുത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.