'മംഗളം വാരിക പ്രസിദ്ധീകരണം അവസാനിപ്പിക്കുന്ന ഈ ചരിത്രസന്ധിയിൽ എന്റെ പൈങ്കിളി വായനാദിനങ്ങളെ ഓർക്കുന്നു' എഴുതിയത് ഡിബിൻ റോസ് ജേക്കബ്'

By: 600072 On: Apr 14, 2022, 3:37 PM

Article Written by, Dibin Rose Jacob

പാടുന്ന പൈങ്കിളി

മംഗളം വാരിക പ്രസിദ്ധീകരണം അവസാനിപ്പിക്കുന്ന ഈ ചരിത്രസന്ധിയിൽ എന്റെ പൈങ്കിളി വായനാദിനങ്ങളെ ഓർക്കുന്നു.

ബാലമാസികയിൽ നിന്നും 'ലൈബ്രറി' പുസ്തകത്തിലേക്കുള്ള യാത്രയിലെ പാലമായിരുന്നു പൈങ്കിളി വാരികകൾ. കുറച്ചു കാലം മംഗളം വാരിക വീട്ടിൽ വരുത്തിയിരുന്നു. അത് വേറൊരു ലോകം. പ്രധാന വിഷയം പ്രേമം, ബാല്യം വിടാത്ത എനിക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള വികാരം. പക്ഷേ വായന രസകരമാണ്. മുട്ടത്തുവർക്കിയുടെ (1913-89) തലമുറയ്ക്ക് ശേഷമാണ് എന്റെ പൈങ്കിളി വായന. കഴിഞ്ഞ തലമുറയുടെ ജനപ്രിയ നോവലിസ്റ്റാണ് വർക്കി. സിനിമയാക്കിയ നോവലുകൾ വൻ ഹിറ്റ്. മയിലാടും കുന്ന്- നസീർ നായകൻ, അഴകുള്ള സെലീന- നസീർ വില്ലൻ. ബാല്യത്തെ സ്പർശിച്ച മുട്ടത്തുവർക്കി നോവലാണ് 'ഒരു കുടയും കുഞ്ഞിപെങ്ങളും. ആഴമുള്ള കൃതികളല്ല, പക്ഷേ സാർവദേശീയമായ ഫെയറി ടെയ്ൽ സ്വാധീനമുണ്ട്. അതാണ് ജനപ്രീതിയുടെ കാരണം. പൈങ്കിളി സാഹിത്യകാരനായി മുദ്ര കുത്തപ്പെടുന്നതിൽ മുട്ടത്തുവർക്കിക്ക് പരാതിയുണ്ടായിരുന്നു. പക്ഷേ ഒരു തലമുറയെ വായിക്കാൻ പ്രേരിപ്പിച്ചു എന്നത് ചെറിയ കാര്യമല്ല. ആക്ഷേപം പിന്നീട് മാഞ്ഞുപോയി. ഇപ്പോൾ മലയാള മുഖ്യധാര സാഹിത്യ മേഖലയിൽ നൽകി വരുന്ന ഒരു പുരസ്‌കാരം ആ സാഹിത്യകാരന്റെ പേരിലാണ്.

കളത്തിൽ വായനശാല:

വീട്ടിൽ മംഗളം വാരിക നിർത്തിയതിനു ശേഷം ഞാൻ വായന തുടരാൻ സുഹൃത്തും ബന്ധുവുമായ രാജേഷ് കളത്തിലിന്റെ ഭവനത്തിൽ ചേക്കേറി. ലിറ്റിൽ ഫ്ളവർ കുടുംബ യൂണിറ്റിന്റെ ഹെഡ് ക്വാർട്ടേഴ്സ്, പ്രയറി പ്രൊവിൻസ്. പുല്ല് എന്ന പൊതുനാമമുള്ള പ്രദേശത്തെ കുട്ടികളുടെ സംഗമ സ്ഥാനമാണ് രാജേഷിന്റെ വീട്. ക്രിക്കറ്റ്, ഫുട്‌ബോൾ, ഹോക്കി- നാനാതരം കളികൾ അരങ്ങേറും. വീട്ടുമുറ്റം ചെറിയ കുട്ടികളുടെ വലിയ ഗ്രൗണ്ട്. മറ്റൊരു ഭാഗത്ത് കലാസപര്യ. ഏകാങ്കനാടക പരിശീലനത്തിലും ലളിത ഗാനത്തിലും ഒരു കൈ നോക്കിയതിനു ശേഷം, എന്റെ തട്ടകമല്ല എന്നു തിരിച്ചറിഞ്ഞ്, വായനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പൈങ്കിളി വാരികകളുടെ പറുദീസയാണ് രാജേഷിന്റെ വീട്. ഒരു മുറി റീഡിംഗ് റൂമായി സെറ്റ് ചെയ്തിരിക്കുന്നു. മംഗളം, മനോരമ, മനോരാജ്യം, സഖി, കുമാരി- അന്ന് കേരളത്തിലുള്ള പൈങ്കിളി മൊത്തം അവിടെയുണ്ട്. അയൽവക്കത്തെ ചേച്ചിമാർ വന്നു വായിക്കുന്നു, ചർച്ച ചെയ്യുന്നു, തുടർ വായനക്കായി വീട്ടിൽ കൊണ്ടു പോകുന്നു.

നിരന്തരമായ പൈങ്കിളി വായന എന്റെ ഭാവനാ ചക്രവാളത്തെ വികസിപ്പിച്ചു. മുപ്പത് അധ്യായമുള്ള നോവലുകൾ. സുന്ദരനും സൽസ്വഭാവിയും അഭ്യസ്തവിദ്യനും സർവോപരി തൊഴിൽ രഹിതനുമായ നായകൻ. നാട്ടിൽ ഒരു കാമുകി, വീട്ടുകാർ എതിര്. പിടിച്ചു നിൽക്കാൻ പറ്റാതെ, പരിചയക്കാരന്റ കത്തുമായി നാടുവിടുന്നു. അങ്ങകലെ ഒരു ടീ എസ്റ്റേറ്റ്. അവിടത്തെ മുതലാളി നായകനെ സൂപ്പർവൈസറായി നിയമിക്കുന്നു. ബംഗ്ളാവിന്റെ ഔട്ട് ഹൗസിൽ താമസം. സുന്ദരിയായ മകളുമായി പ്രേമം. എതിർപ്പുകൾ നിശ്ചയം, പക്ഷേ കമിതാക്കൾക്ക് നിശ്ചയദാർഢ്യം. എല്ലാം മറികടന്ന് അവർ വിവാഹിതരാകുന്നു. നായകൻ കൊച്ചു മുതലാളിയായി മാറുന്നു. സംഗതി കൊള്ളാം! വളർന്നു വലുതാകുമ്പോൾ തേയില തോട്ടത്തിൽ സൂപ്പർവൈസർ ആകണമെന്ന് ഞാൻ മനസ്സിൽ കുറിച്ചു.

വാരികയുടെ ഒരൊറ്റ ലക്കത്തിൽ പലതരം നോവലുണ്ട്. കോട്ടയം പുഷ്പനാഥിന്റെ ഭീകര നോവലും ഏറ്റുമാനൂർ ശിവകുമാറിന്റെ മാന്ത്രിക നോവലും താൽപര്യം ഉണർത്തിയില്ല. ജോസി വാഗമറ്റവും, സുധാകർ മംഗളോദയവും എഴുതുന്ന റൊമാൻസ് ഏറെയിഷ്ടം, കൂടാതെ ക്രൈം ത്രില്ലറും. ബാറ്റൺ ബോസും, തോമസ് ടി അമ്പാട്ടും ത്രില്ലറിന്റെ ആചാര്യന്മാർ. തോമസ് ടി അമ്പാട്ടിന്റെ ഒരധ്യായത്തിൽ ചുരുങ്ങിയത് പത്ത് പേര് വെടി കൊണ്ട് ചാകും, അഞ്ച് അധ്യായം തീരുമ്പോൾ ആദ്യം അവതരിപ്പിച്ച കഥാപാത്രങ്ങൾ ചത്തൊടുങ്ങിയതിനാൽ പുതിയ സെറ്റ് കളിക്കാരെ ഇറക്കേണ്ടി വരും. കഥനരീതി പരിചിതമായ ഒരു വായനക്കാരൻ നോവലിസ്റ്റിന്റെ പേര് പരിഷ്കരിച്ചു: തോമസ് ഠേ! അമ്പാട്ട്. തന്റെ നോവലിലെ കഥാപാത്രങ്ങളുടെ ദുർവിധി അയാളെയും പിന്തുടർന്നു. യൗവനം തീരുന്നതിനു മുമ്പ്, അഭിശപ്തമായ ഒരു രാത്രിയിൽ, വാഹനാപകടത്തിൽ മരിച്ചു.

Circle Hill John Raphy.

കുന്നേൽ യോഹന്നാൻ മകൻ റപ്പേൽ! ചോരയ്ക്ക് നിറം ചുവപ്പ് എന്ന നോവലിലൂടെ മംഗളം വാരികയുടെ താളിനെ തീ പിടിപ്പിക്കുന്ന ബാറ്റൺ ബോസ്. രക്തഗന്ധമുള്ള അധ്യായമെഴുതിയ അതേ ലക്കത്തിൽ 'നിശാഗന്ധി' എന്ന പേരിൽ പ്രേമനോവൽ രചിച്ചു കഴിഞ്ഞു. യഥാർത്ഥ പേര് മത്തായി ചാക്കോ മണിമല. നിശാഗന്ധിയുടെ താഴെ ഈ പേര് വയ്ക്കും. തൂലികാനാമം കൂടുതലായി ഉപയോഗിച്ചത് ജോസി വാഗമറ്റം. ഒറിജിനൽ പേര് ജോയ് സി വാഗമറ്റം. ജോയ്സി, സി വി നിർമല എന്ന പേരിലൊക്കെ നോവലുകൾ പിറന്നു. 'സ്ത്രീധനം' സിനിമയായപ്പോൾ സ്വന്തം പേര് വയ്ക്കണമെന്ന് ജോയ് ആഗ്രഹിച്ചു. സംവിധായകൻ സമ്മതിച്ചില്ല. സി വി നിർമല- അതു മതി! നിർമലയോട് സ്ത്രീകൾക്ക് തോന്നിയ വൈകാരിക അടുപ്പം കളയാനാവില്ല.

കിളിനാദം നിലയ്ക്കുന്നു:

പൈങ്കിളി സമൂഹത്തിന് ദോഷം ചെയ്യുന്നു, യുവാക്കളെ വഴിതെറ്റിക്കുന്നു എന്നെല്ലാം വിമർശനമുണ്ടായി. 1990-ൽ കോട്ടപ്പുറത്ത് നടന്ന രൂപത കലാമേളയിൽ ഡിബേറ്റിന്റെ വിഷയം അതായിരുന്നു. അക്കാലത്ത് വേദികളുടെ ഹർഷ പുളകമായ വേദോപദേശ അധ്യാപകൻ മൈക്കുളുട്ടിയുടെ ടീം പൈങ്കിളിയെ എതിർത്തു. കൃഷ്ണൻ കോട്ടയിൽ സെയിന്റ് ആന്റണീസ് യൂണിറ്റിന്റെ വാർഷിക സമ്മേളനത്തിൽ പ്രസംഗിച്ചപ്പോൾ, മൈക്കുളുട്ടി പൈങ്കിളിയെ സരസമായി വിമർശിച്ചു. 'മ' പ്രസിദ്ധീകരണങ്ങളെന്നും പേരുണ്ടായിരുന്ന ആ സാഹിത്യകൃതികളുടെ സ്ഥാനം, വർഷങ്ങൾക്കു ശേഷം മെഗാ സീരിയലുകൾ കയ്യടക്കി. അവയുടെ നിലവാരം വച്ച് പഴയ പൈങ്കിളിയെ വിശ്വോത്തരം എന്ന് വിളിക്കേണ്ടി വരും.

പഠനത്തിൽ പ്രോൽസാഹനം നൽകിയിരുന്ന രണ്ടു ബന്ധുക്കൾ 'മ' ഉപേക്ഷിക്കാൻ എന്നെ നിർബന്ധിച്ചു. എട്ടാം ക്ളാസിലായപ്പോൾ ഞാനൊരു തീരുമാനമെടുത്തു. ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന ത്രില്ലർ തീരുമ്പോൾ പൈങ്കിളിക്ക് വിരാമമിടും. നാല് അധ്യായങ്ങൾ ബാക്കി. എല്ലാ ചൊവ്ലാഴ്ചയും രാജേഷിന്റെ വായനശാലയിൽ പോയി വായിക്കും. മുപ്പതാം അധ്യായവും വായിച്ചു തീർത്ത്, കഥാപാത്രങ്ങളെ ആ മുറിയിൽ എന്നന്നേക്കുമായി ഉപേക്ഷിച്ച് ഞാൻ തിരിഞ്ഞു നടന്നു.

~ഡിബിൻ റോസ് ജേക്കബ്..