ആല്‍ബെര്‍ട്ടയില്‍ ഗ്യാസ് വില ഉയരുന്ന പശ്ചാത്തലത്തില്‍ റെഡ് ഡീറിലും പ്രവിശ്യയിലെ മറ്റ് നഗരങ്ങളിലും ഇന്ധന മോഷണങ്ങള്‍ വര്‍ധിക്കുന്നതായി പോലീസ്. സമീപകാലത്ത് പ്രവിശ്യയില്‍ ഇന്ധനമോഷണം പതിവായികൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
മാര്‍ച്ച് 22 മുതല്‍ ഇന്ധന മോഷണം സംബന്ധിച്ചുള്ള 14 ഓളം പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചതായി റെഡ് ഡീര്‍ ആര്‍സിഎംപി വ്യക്തമാക്കുന്നു. നിര്‍ത്തിയിട്ടിരിക്കുന്ന ഡ്രൈവറില്ലാത്ത വാഹനങ്ങളില്‍ നിന്ന് ഗ്യാസ് ടാങ്കുകള്‍ തുരന്നിട്ടോ ഗ്യാസ് ലൈനുകള്‍ മുറിച്ചുമാറ്റിയോ ആണ് മോഷ്ടാക്കള്‍ ഇന്ധന മോഷണം നടത്തുന്നതെന്ന് പോലീസ് അറിയിച്ചു. പിക്കപ്പ് ട്രക്കുകള്‍, എസ്യുവി വാഹനങ്ങള്‍ എന്നിവയാണ് കൂടുതലായും മോഷ്ടാക്കള്‍ ലക്ഷ്യം വെക്കുന്നത്. ഇത്തരം വാഹനങ്ങളുടെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് കാരണം ഇന്ധന ടാങ്കിലേക്ക് എളുപ്പത്തില്‍ മോഷ്ടാക്കള്‍ക്ക് ആക്സസ് ലഭിക്കുന്നു.
ഇന്ധന വില വര്‍ധനവ് മാത്രമല്ല, മോഷ്ടിച്ച വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള ആവശ്യവും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പെട്രോള്‍ പമ്പുകളില്‍ മോഷ്ടിച്ച കാറുകളില്‍ ഇന്ധനം നിറയ്ക്കാന്‍ സാധ്യമല്ല. അപ്പോള്‍ മോഷ്ടാക്കള്‍ ഇന്ധനം മോഷ്ടിക്കാനുള്ള മറ്റ് എളുപ്പവഴികള്‍ തേടുമെന്നും പോലീസ് പറഞ്ഞു. ഇന്ധന മോഷണത്തിനിടയില്‍ ഗ്യാസ് ടാങ്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കും. പിന്നീട് ഈ ഗ്യാസ് ടാങ്ക് മാറ്റിസ്ഥാപിക്കാന്‍ 2000 ഡോളറിന് മുകളില്‍ ചെലവാകുമെന്ന് വാഹന റിപ്പയര്‍ സ്ഥാപനഉടമ പറയുന്നു.
ഗ്യാസ് ടാങ്കുകള്‍ മോഷണം പോയെന്നറിയാതെ വാഹനം ഓടിച്ച് ശേഷിക്കുന്ന ഇന്ധനം മറ്റിടങ്ങളിലേക്ക് വ്യാപിക്കാനും കാരണമാകുന്നുണ്ട്. അതിനാല്‍ ഇന്ധന മോഷണം തടയാന്‍ വാഹന ഉടമകള്‍ മുന്‍കരുതലുകളെടുക്കണമെന്ന് പോലീസ് നിര്‍ദേശിക്കുന്നു. നല്ല വെളിച്ചമുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുക, ഒരു ഗ്യാരേജിലോ സുരക്ഷിത സ്ഥലത്തോ പാര്‍ക്ക് ചെയ്യുക, ഹോം സെക്യൂരിറ്റി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും റെഡ് ഡീര്‍ ആര്‍സിഎംപിയുടെ ക്യാപ്ച്വര്‍ രജിസ്ട്രിയില്‍ ക്യാമറ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക എന്ന നിര്‍ദേശങ്ങളും പോലീസ് മുന്നോട്ട് വെയ്ക്കുന്നു.