റഷ്യന്‍ മുന്നറിയിപ്പുകള്‍ക്കിടയില്‍ നാറ്റോയില്‍ അംഗമാകാന്‍ ഫിന്‍ലന്‍ഡിന്റെ നീക്കം. ഇത് സംബന്ധിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി സന മരിന് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉക്രെയ്ന് സമാനമായി നാറ്റോയുടെ ഭാഗമാകാനുള്ള ഫിന്‍ലന്‍ഡിന്റെ നീക്കം റഷ്യയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഫിന്‍ലന്‍ഡ് അതിര്‍ത്തിയില്‍ റഷ്യ സൈനിക വിന്യാസം ഉള്‍പ്പടെ നടത്തുന്നുവെന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഫിന്‍ലന്‍ഡിനെ കൂടാതെ സ്വീഡനും നാറ്റോയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തില്‍ സന മരിന് സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്സനുമായി കൂടിക്കാഴ്ച നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ സ്വീഡിഷ് പ്രധാനമന്ത്രിയുമായി ചേര്‍ന്ന് സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ നിലപാട്.
നാറ്റോയില്‍ അംഗത്വം നേടുന്നത് റഷ്യയുമായുള്ള അതിര്‍ത്തിയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഫിന്‍ലന്‍ഡ് പാര്‍ലമെന്റില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റില്‍ അടുത്തയാഴ്ച വിഷയം അവതരിപ്പിക്കുമെന്നാണ് സൂചന.