ടൊറന്റോയില്‍ കാറ്റലിക് കണ്‍വെര്‍ട്ടറുകളടക്കം വാഹന ഭാഗങ്ങള്‍ മോഷണം പോകുന്നത് വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Apr 14, 2022, 10:39 AM


ടൊറന്റോയില്‍ ഓട്ടോമൊബൈല്‍ പാര്‍ട്‌സുകള്‍ പ്രത്യേകിച്ച് കാറ്റലിക് കണ്‍വെര്‍ട്ടറുകള്‍ മോഷണം പോകുന്നതായി വ്യാപകമായി പരാതി ലഭിച്ചതായി ഗ്രേറ്റര്‍ ടൊറന്റോ പോലീസ് അറിയിച്ചു. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ 30 ഓളം മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. 

റോഡ് സൈഡിലോ, വീടിനു പുറത്തോ നിര്‍ത്തിയിട്ടിരിക്കുന്ന ഡ്രൈവറില്ലാത്ത വാഹനങ്ങളാണ് മോഷ്ടാക്കള്‍ ലക്ഷ്യം വെക്കുന്നത്. വാഹനങ്ങളിലെ കാറ്റലിക് കണ്‍വെര്‍ട്ടറാണ് മോഷ്ടിക്കുന്നതില്‍ ഭൂരിഭാഗവുമെന്ന് പോലീസ് അറിയിച്ചു. ഹാല്‍ട്ടണ്‍ റീജിയണല്‍ പോലീസ് പറയുന്നതനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ മോഷണങ്ങളും കാറ്റലിക് കണ്‍വെര്‍ട്ടറുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. വാഹനത്തിന്റെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കാറ്റലിക് കണ്‍വെര്‍ട്ടറുകളില്‍ റോഡിയം, പ്ലാറ്റിനം, പല്ലാഡിയം എന്നിവ അടങ്ങിയിരിക്കുന്നതിനാലാണ് മോഷ്ടിക്കുകയും വലിയ വിലയ്ക്ക് ഇത് മോഷ്ടാക്കള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നും പോലീസ് അധികൃതര്‍ പറഞ്ഞു. 

60 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മോഷ്ടാക്കള്‍ക്ക് കാറ്റലിക് കണ്‍വെര്‍ട്ടര്‍ മോഷ്ടിക്കാന്‍ കഴിയും. ഇത് വിറ്റാല്‍ 300 ഡോളര്‍ വരെ മോഷ്ടാക്കള്‍ക്ക് ലഭിക്കുമായിരിക്കും എന്നാല്‍ നഷ്ടപ്പെട്ട വാഹന ഉടമയ്ക്ക് വീണ്ടും ഒരു കാറ്റലിക് കണ്‍വെര്‍ട്ടര്‍ മാറ്റിസ്ഥാപിക്കണമെങ്കില്‍ ആയിരക്കണക്കിന് ഡോളര്‍ ചെലവാക്കേണ്ടി വരും. അതിനാല്‍ വാഹന ഉടമകള്‍ മോഷണത്തിനെതിരെ മുന്‍കരുതലുകളെടുക്കണമെന്ന് പോലീസ് നിര്‍ദേശിക്കുന്നു.