ബീസിയില്‍ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി പോലീസ് 

By: 600002 On: Apr 14, 2022, 8:24 AM

 

ബീസിയില്‍ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് റിച്ച്മണ്ട് ആര്‍സിഎംപി പറയുന്നു. തട്ടിപ്പുകളില്‍ 2.6 മില്യണ്‍ ഡോളറാണ് നഷ്ടപ്പെട്ടത്. 

വ്യാജ നിക്ഷേപ വാഗ്ദാനങ്ങള്‍, പ്രണയം നടിച്ച് പണം തട്ടല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി ആളുകളെ കബളിപ്പിച്ച് പണം തട്ടല്‍ എന്നിങ്ങനെ ഉള്‍പ്പെട്ട തട്ടിപ്പുകളിലൊന്നിലാണ് റിച്ച്മണ്ടിലെ ആളുകള്‍ ഇരകളാകുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ വ്യാജ വിദേശനാണ്യ വിനിമയ കമ്പനികളില്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തി 550,000 ഡോളറാണ് ഒരു വ്യക്തിക്ക് നഷ്ടമായതെന്ന് പോലീസ് പറഞ്ഞു.   

തട്ടിപ്പുകാര്‍ വശീകരിക്കല്‍ മുതല്‍ ഭീഷണിപ്പെടുത്തല്‍ വരെ ഉപയോഗിക്കുന്നു. മിക്ക കേസുകളിലും ഇരയോട് ബിറ്റ്‌കോയിന്‍ ഇടപാടോ, ഗൂഗിള്‍ പേ, ഐട്യൂണ്‍സ് ഗിഫ്റ്റ് കാര്‍ഡായോ പണമടയ്ക്കാനാണ് ആവശ്യപ്പെടുകയെന്ന് പോലീസ് അറിയിക്കുന്നു. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നേ മേഖലയില്‍ നിന്നോ ഇത്തരത്തില്‍ ഇടപാടുകള്‍ നടത്താന്‍ ആവശ്യപ്പെടുന്നുവെങ്കില്‍ അത് ചെയ്യരുതെന്ന് ജനങ്ങള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. കാരണം ഒരു സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇതുപോലൊരു ഓണ്‍ലൈന്‍ ഇടപാടുകള്‍ ആവശ്യപ്പെടുന്നില്ല. 

നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ കൂടുതള്‍ മുന്‍കരുതലുകളും വിദഗ്ധാഭിപ്രായം നേടിയതനു ശേഷവും മാത്രം നടത്തുക. പണം കൈമാറുമ്പോള്‍ അത് വ്യാജമാണോ എന്ന് തിരിച്ചറിയുക. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഏതെങ്കിലും വ്യക്തി പതിവായി നിക്ഷേപത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുവെങ്കില്‍ ആ സുഹൃത്ത്ബന്ധം ഉപേക്ഷിക്കാനും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.