ഒന്റാരിയോയില്‍ അല്‍ട്രാ-ലോ ഓവര്‍നൈറ്റ് വൈദ്യുതി നിരക്ക് (ultra-low overnight electricity rate) അവതരിപ്പിക്കാനുള്ള പദ്ധതികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍. നിര്‍ദ്ദിഷ്ട പദ്ധതി നിലവിലുണ്ടെങ്കില്‍ ഒരു മണിക്കൂറില്‍ കിലോവാട്ടിന് 2.5 സെന്റ് നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും. ഇത് നിലവിലെ ഓഫ്-പീക്ക് നിരക്കിനേക്കാള്‍ 70 ശതമാനം കുറവാണ്.
രാത്രി 11 മണിക്കും രാവിലെ 7 മണിക്കുമിടയിലാണ് അള്‍ട്രാ-ലോ ഓവര്‍നൈറ്റ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. ഒന്റാരിയോ എനര്‍ജി ബോര്‍ഡിനോട് പുതിയ അള്‍ട്രാലോ വൈദ്യുതി നിരക്ക് സംബന്ധിച്ച് ഒരു പദ്ധതി ആസൂത്രണം ചെയ്യാന്‍ ആവശ്യപ്പെട്ടതായി ഊര്‍ജ വകുപ്പ് മന്ത്രി ടോഡ് സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അള്‍ട്രാലോ ഓവര്‍നൈറ്റ് ഇലക്ട്രിസിറ്റി നിരക്കുകള്‍ അവതരിപ്പിക്കുന്നത്, ഒന്റാരിയോയിലെ ആളുകള്‍ക്ക് ചെലവ് കുറയ്ക്കാനും ഇവി ചാര്‍ജിംഗ് ചെലവ് കുറയ്ക്കുമ്പോള്‍ പ്രതിവര്‍ഷം 90 ഡോളര്‍ ലാഭിക്കാനും സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ പറയുന്നത് പ്രകാരം, ഒന്റാരിയോ എനര്‍ജി ബോര്‍ഡ് പുതിയ വൈദ്യുതി വിലനിര്‍ണയം നിര്‍ദേശിച്ചിട്ടുണ്ട്. അത് നിലവിലെ ഉപഭോഗ സമയത്തിനും പ്ലാനുകള്‍ക്കും പുറമെ വൈദ്യുത ഉപഭോക്താക്കാള്‍ക്ക് മൂന്നാമത്തെ ഓപ്ഷനായി അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 2023 ഏപ്രില്‍ മാസത്തോടെയാണ് ഈ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.