ഏറ്റവും ദൈര്‍ഘ്യമേറിയ ഹോക്കി മാരത്തണ്‍: സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച് ആല്‍ബെര്‍ട്ട ടീം

By: 600002 On: Apr 14, 2022, 7:03 AM

 

40 കളിക്കാര്‍...തുടര്‍ച്ചയായ പത്ത് ദിവസങ്ങള്‍, ഐസ് ഹോക്കിയില്‍ ചരിത്രം തീര്‍ത്തിരിക്കുകയാണ് ആല്‍ബെര്‍ട്ടയിലെ ഈ താരങ്ങള്‍. ലോകത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഹോക്കി മാരത്തണ്‍ സംഘടിപ്പിച്ച് സ്വന്തം റെക്കോര്‍ഡ് തന്നെയാണ് ഈ കളിക്കാര്‍ തകര്‍ത്തിരിക്കുന്നത്. 

ആല്‍ബെര്‍ട്ട ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഫൗണ്ടേഷന് വേണ്ടി പണം സ്വരൂപിക്കുന്നതിനായി 2012 മുതലാണ് ഇത്തരമൊരു ഗെയിം സംഘടിപ്പിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് 40 കളിക്കാര്‍ ചേര്‍ന്ന് നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റില്‍ ആദ്യ ഘട്ടത്തില്‍ 1.2 മില്യണ്‍ ഡോളറാണ് സമാഹരിച്ചത്. രണ്ട് വര്‍ഷത്തിനിപ്പുറം സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തന്നെ തകര്‍ത്തുകൊണ്ട് 1.7 മില്യണ്‍ ഡോളറാണ് ചാരിറ്റിക്കായി ഇവര്‍ സ്വരൂപിച്ചത്. 

ആള്‍ട്ടയിലെ ചെസ്റ്റര്‍മെയര്‍ റിക്രിയേഷന്‍ സെന്ററില്‍ മാര്‍ച്ച് 31 ന് ആരംഭിച്ച മാരത്തണ്‍ പത്ത് ദിവസം തുടര്‍ച്ചയായി കളിച്ചതിന് ശേഷം ഏപ്രില്‍ 11 ന് ആവസാനിച്ചു. 261 മണിക്കൂര്‍ കളിച്ചുവെന്ന പുതിയ റെക്കോര്‍ഡാണ് താരങ്ങള്‍ സ്വന്തമാക്കിയത്.

40 കളിക്കാരെ 20 പേരടങ്ങുന്ന രണ്ട് ടീമായി വിഭജിച്ചാണ് മാരത്തണില്‍ കളിച്ചത്. ഓരോ കളിക്കാരും നാല് മണിക്കൂര്‍ കളിച്ച് അടുത്ത നാല് മണിക്കൂര്‍ ഇടവേളയെടുക്കുമെന്ന് മാരത്തണ്‍ സംഘാടകനായ അലക്‌സ് ഹാലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. 

ഇടവേളയെടുക്കുന്ന നാല് മണിക്കൂറില്‍ ഐസ് പൂര്‍വ്വസ്ഥിതിയാകും. കളിക്കാക്ക് ഭക്ഷണം കഴിച്ച്, വിശ്രമിക്കാനുള്ള സമയം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചില കളിക്കാര്‍ പരിക്കുകള്‍ മൂലം ഇടവേളയെടുത്തു. അപ്പോള്‍ ശേഷിക്കുന്ന കളിക്കാര്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. ഇങ്ങനെ തുടര്‍ച്ചയായി പത്ത് ദിവസങ്ങള്‍ താരങ്ങള്‍ മാരത്തണിന്റെ ഭാഗമായി കളിച്ചു. 

മാരത്തണിനു ശേഷവും ഹലാത്തിന്റെ ചാരിറ്റി ഗ്രൂപ്പ് അവരുടെ വെബ്‌സൈറ്റ് വഴി സംഭാവനകള്‍ സ്വീകരിക്കുന്നുണ്ട്.