ഒരു വിഷുക്കഥ: കാൽഗറിയിൽ നിന്നും സുധാ മേനോൻ എഴുതുന്നു

By: 600086 On: Apr 14, 2022, 6:51 AM


ദിവ്യ കണ്ണുകൾ മുറുക്കെയടച്ചു. രാത്രി കഴിഞ്ഞുകിട്ടാൻ തിടുക്കമായി. നാളെ വിഷുപ്പുലരിയാണ്.  സ്കൂൾ വേനൽ അവധിക്ക് അടച്ചമുതൽ ദിവ്യ കാത്തിരിക്കുന്ന ദിവസം. എല്ലാ ഉത്സവങ്ങളും ദിവ്യക്കിഷ്ടമാണെങ്കിലും ഏറ്റവുമിഷ്ടം വിഷുവാണ്. 


അന്ന് വൈകുന്നേരം അച്ഛൻ ജോലി കഴിഞ്ഞു വന്നത് സഞ്ചികൾ നിറച്ചു പഴങ്ങളും പച്ചക്കറികളും കൊണ്ടാണ്. കൂടാതെ രണ്ടു മൂന്നു പൂക്കുല  കണിക്കൊന്നപൂക്കളും. വിടർന്ന പൂക്കളോടൊപ്പം മണി മണിയായ മഞ്ഞ മൊട്ടുകൾ കണ്ടപ്പോൾ ദിവ്യക്കു തന്റെ പാദസ്വരത്തിന്റെ സ്വർണമണികളാണ് ഓർമമ വന്നത്. അത്താഴം കഴിഞ്ഞയുടൻ അമ്മ വിഷുക്കണിയൊരുക്കാൻ തുടങ്ങി.  പൂജാമുറിയും പടങ്ങളൂം തുടച്ചു വൃത്തിയാക്കി. ഉരുളിയും വിളക്കും തേച്ചുമിനുക്കി. ഒരു ചെറിയ പീഡത്തിൽ മുണ്ട് വിരിച്ചു ഗുരുവായൂരപ്പന്റെ പടം പ്രതിഷ്ഠിച്ചു. മുൻപിൽ അരിപ്പൊടി കൊണ്ട് കോലം വരച്ചു നടുക്ക് വിളക്കു വച്ചു. സ്വർണം പോലെ തിളങ്ങുന്ന ഉരുളിയിൽ ചക്ക, മാങ്ങ, തേങ്ങാ, വെള്ളരിക്ക തുടങ്ങി പലതരം പച്ചക്കറികളും ഫലവർഗ്ഗങ്ങളും ഭംഗിയായി അടുക്കിവച്ചു. കൂടെ കണിക്കൊന്നപ്പൂക്കളും കസവുമുണ്ടും ഒരു വാൽകണ്ണാടിയും. മറ്റൊരു തട്ടത്തിൽ അരിയും ഒരു സ്വർണമാലയും പിന്നെ പുതുപുത്തൻ നോട്ടുകളും തിളങ്ങുന്ന നാണയത്തുട്ടുകളും. മുറ്റത്ത് നിന്ന് പറിച്ചുകൊണ്ടുവന്ന ചുവന്ന ചെമ്പരത്തിപ്പൂവിതളുകൾ കൊണ്ട് ദിവ്യ അലങ്കാരം പൂർത്തിയാക്കുമ്പോൾ അമ്മ തുളസിയും തെച്ചിപ്പൂവും കൊണ്ട്  മാലയുണ്ടാക്കി ഗുരുവായൂരപ്പന് ചാർത്തി. 


“"അമ്മേ, നമ്മളെന്തിനാണ് വിഷുവിനു കണി വക്കുന്നത്," ദിവ്യ ചോദിച്ചു. 

"നമ്മുടെ പഴയ കലണ്ടർ പ്രകാരം മേടം ഒന്ന് പുതിയ വര്ഷം തുടങ്ങുന്ന ദിവസമായിരുന്നു. ആ ദിവസം കണികണ്ടുണർന്നാൽ കൊല്ലം മുഴുവൻ ഈശ്വരാനുഗ്രഹവും സമൃദ്ധിയും സന്തോഷവുമുണ്ടാകും എന്നാണു വിശ്വാസം." അമ്മ പറഞ്ഞു. "ഇനി മോൾ പോയി വേഗം ഉറങ്ങിക്കോളൂ. നേരം പുലരുമ്പോൾ എണീക്കണം"  

ഉറങ്ങാൻ കിടന്നെങ്കിലും ദിവ്യക്കുറക്കം വരുന്നില്ല. അടുക്കളയിൽ നിന്ന് അമ്മയുടെയും അച്ഛന്റെയും ശബ്ദം കേൾക്കാറുണ്ട്‌. പണി തുടരുകയാണ്. രാത്രി ഉറങ്ങുമ്പോൾ ദുഃസ്വപ്നം കണ്ടു പേടിക്കാതിരിക്കാൻ അമ്മുമ്മ പഠിപ്പിച്ച ഒരു മന്ത്രം ദിവ്യ മനസ്സിൽ ഉരുവിടാൻ തുടങ്ങി. കണ്ണുകൾ അടഞ്ഞു, അവൾ ഉറക്കമായി. 

"മോളേ ഉണരൂ, കണി കാണണ്ടേ",  അമ്മയുടെ ശബ്ദം ചെവിയിൽ വീണപ്പോൾ ദിവ്യ ഞെട്ടി ഉണർന്നു. അമ്മയുടെ തണുത്ത വിരലുകൾ അവളുടെ കണ്ണുകൾ മൂടി പിടിച്ചിരുന്നു.  

"കണ്ണ് തുറക്കാതെ എണീറ്റ് എന്റെകൂടെ വരൂ", അമ്മ പറഞ്ഞു. അമ്മയുടെ കൈപിടിച്ച് ദിവ്യ പൂജാമുറിയിലേക്ക് നടന്നു. ചന്ദനതിരിയുടെയും മുല്ലപ്പൂവിന്റെയും സുഗന്ധം അവിടെയെങ്ങും പരന്നിരുന്നു. 

"ഇനി കണ്ണ് തുറക്കൂ",  അമ്മ പറഞ്ഞു.  

ദിവ്യ കണ്ണ് തുറന്നു, മുൻപിലുള്ള മനോഹര ദൃശ്യം കൺകുളിർക്കെ കണ്ടു. അഞ്ചു തിരി കത്തുന്ന നിലവിളക്കിന്റെ വെളിച്ചത്തിൽ ഗുരുവായൂരപ്പൻ തന്നെ നോക്കി ചിരിക്കുന്നതായി തോന്നി. 

"കൈകൂപ്പി നല്ലോണം പ്രാർത്ഥിച്ചോളു,” അമ്മ പറഞ്ഞു. “നല്ല കുട്ടിയായി വളരാൻ, നന്നായി പഠിക്കാൻ, ഗുരുവായൂരപ്പൻ സഹായിക്കട്ടെ, എന്നിട്ടു വാൽകണ്ണാടിയിൽ സ്വന്തം മുഖത്തോട്ടു  നോക്ക്". 

തന്റെ പ്രതിഫലം കണ്ണാടിയിൽ കണ്ടതിനു ശേഷം ദിവ്യ തിരിഞ്ഞു അമ്മയെ നോക്കി. കസവു മുണ്ടും വേഷ്ടിയും ധരിച്ചു ഈറൻ മുടിയിൽ മുല്ലപ്പൂ ചൂടി നെറ്റിയിൽ കുങ്കുമവും ചന്ദനക്കുറിയും ചാർത്തിയ അമ്മയെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. 

"ഇനി വേഗം പോയി കുളിച്ചു സുന്ദരിക്കുട്ടിയായി വരൂ. വിഷ്ക്കേട്ടം വേണ്ടേ", 'അമ്മ പറഞ്ഞു. 

കുളി കഴിഞ്ഞു കൊടിയുടുപ്പൊക്കെയിട്ട് ദിവ്യ വരാന്തയിൽ ചായകുടിച്ചിരിക്കുന്ന അച്ഛന്റെയടുത്തു പോയി. അമ്മയെയും അച്ഛന്റെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. അച്ഛൻ അവളുടെ കൈയിൽ ഒരു നൂറു രൂപാ നോട്ടും ഒരു രൂപ തുട്ടും കൊടുത്തു. 

"ഇനി ഞാൻ കമ്പിത്തിരി കത്തിക്കട്ടെ,' ദിവ്യ ചോദിച്ചു. 

"അതൊക്കെയാവാം, ആദ്യം വന്നു ഭക്ഷണം കഴിക്കൂ. ദിവസം തുടങ്ങിയിട്ടേയുള്ളൂ, അമ്മുമ്മയും അമ്മാമനും കുട്ടികളുമൊക്കെ ഉച്ചക്ക് സദ്യയുണ്ണാൻ എത്തും", അച്ഛൻ പറഞ്ഞു. 

ദിവ്യക്കുത്സാഹമായി. താൻ കാത്തിരുന്ന വിഷു ഇതാ വന്നെത്തിയിരിക്കുന്നു.