മാസ്ക് മാൻഡേറ്റ് 15 ദിവസത്തേക്ക് നീട്ടിയതായി സി.ഡി.സി 

By: 600084 On: Apr 14, 2022, 6:06 AM

പി.പി.ചെറിയാൻ, ഡാളസ്,യു.എസ്.എ 

വാഷിംഗ്‌ടൺ: കഴിഞ്ഞ ഏഴു ദിവസമായി അമേരിക്കയിൽ കോവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ഏപ്രിൽ 18 അവസാനിക്കേണ്ടിയിരുന്ന മാസ്ക് മാൻഡേറ്റ് 15 ദിവസത്തേക്ക് കൂടി നീട്ടിയതായി സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി). ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഏപ്രിൽ 13 ബുധനാഴ്ച് സി.ഡി.സി പുറത്തു വിട്ടു. വിമാനത്തിലും ട്രെയിനിലും ബസ്സുകളിലും യാത്രക്കാർ നിർബന്ധമായി മാസ്ക് ധരിക്കേണ്ടതാണ്. 

അമേരിക്കയിൽ പ്രതിദിന കോവിഡ് കേസുകൾ 25,000 ൽ നിന്ന് 30,000 ആയി ഉയർന്നിട്ടുണ്ട്. സ്ഥിരീകരിക്കുന്നതിൽ 85 ശതമാനവും ഒമൈക്രോൺ സബ് വേരിയന്റ് ആയ ബി.എ.2 മൂലമുള്ള കോവിഡ് കേസുകളാണ്. 

ഒമൈക്രോൺ വ്യാപനം സൂക്ഷ്മമായി നീരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇനിയും മാസ്ക് മാൻഡേറ്റ് നീട്ടണമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും സി.ഡി.സി അറിയിച്ചു. ഇന്നത്തെ മാസ്ക് മാൻഡേറ്റ് തീരുമാനത്തോടെ അഞ്ചാം തവണയാണ് ഫെഡറൽ മാസ്ക് നീട്ടി വെച്ച് ഉത്തരവിറങ്ങുന്നത്.

റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന 20-ഓളം സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ ഫെഡറൽ മാസ്ക് മാൻഡേറ്റിനെ ചോദ്യം ചെയ്ത് കോടതിയിൽ എത്തിയിട്ടുണ്ട്.