ന്യൂയോർക്കിലെ ബ്രൂക്ലിൻ സബ്‌വേ സ്റ്റേഷനിൽ 10-ലധികം പേരെ വെടിവെച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയും ഫെഡറൽ തീവ്രവാദ കുറ്റം ചുമത്തുകയും ചെയ്തു. 62 കാരനായ ഫ്രാങ്ക് ആർ ജെയിംസ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. തിരക്കേറിയസബ്‌വേ സ്റ്റേഷനിൽ വെടിവെയ്പ്പ് നടത്തി ഏകദേശം 30 മണിക്കൂറിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരുക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകനാണെന്നാണ് റിപ്പോർട്ടുകൾ. യാത്രക്കാർ നിറഞ്ഞ സബ്‌വേ സ്റ്റേഷനിൽ, സ്മോക്ക് ഗ്രനേഡുകൾ എറിയുകയും തുടർന്ന് 9 എംഎം കൈത്തോക്ക് ഉപയോഗിച്ച് 33 തവണ ആണ് ജെയിംസ് വെടിവെച്ചത്.
കഴിഞ്ഞ മാസങ്ങളിൽ, യുഎസിലെ വംശീയതയെക്കുറിച്ചും അക്രമത്തെക്കുറിച്ചും ന്യൂയോർക്ക് സിറ്റിയിലെ മാനസികാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങളെക്കുറിച്ചും ജെയിംസ് സമൂഹ മാധ്യമങ്ങൾ വഴി അപലപിച്ചിരുന്നു. മാനസികാരോഗ്യത്തെയും സബ്‌വേ സുരക്ഷയെയും കുറിച്ചുള്ള നയങ്ങളെ അദ്ദേഹം വിമർശിച്ചിരുന്നു. എന്നാൽ സബ്‌വേ ആക്രമണത്തിന്റെ കാരണം ഇത് വരെ വ്യക്തമല്ലെന്നും ജെയിംസിന് അന്താരാഷ്ട്ര അല്ലെങ്കിൽ മറ്റെന്തെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്നതായി സൂചനകളൊന്നുമില്ലെന്നുമാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.