പണപ്പെരുപ്പം; ബാങ്ക് ഓഫ് കാനഡ പ്രധാന നിരക്ക് 1 ശതമാനമായി ഉയർത്തി 

By: 600007 On: Apr 13, 2022, 9:03 PM


കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ ചെറുക്കുവാൻ സഹായിക്കുന്നതിനായി ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്ക് 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയായ 1 ശതമാനമായി ഉയർത്തി. 2022 മാർച്ചിൽ പലിശ നിരക്ക് കാൽ ശതമാനം വർധിപ്പിച്ച് .5 ശതമാക്കിയിരുന്നു. പണപ്പെരുപ്പത്തെ ചെറുക്കുവാൻ ഈ വർഷം കൂടുതൽ നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് കാനഡ അറിയിച്ചു. 

പ്രധാന പലിശ നിരക്കിലെ വർദ്ധനവിനെ തുടർന്ന് തങ്ങളുടെ പ്രൈം നിരക്ക് വ്യാഴാഴ്ച് മുതൽ 2.70 ശതമാനത്തിൽ നിന്ന്  3.20 ശതമാനമായി ഉയർത്തുമെന്ന് റോയൽ ബാങ്ക് ഓഫ് കാനഡ അറിയിച്ചു. മറ്റ് പ്രമുഖ ബാങ്കുകളും ഇതേ രീതി പിന്തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2022 ഫെബ്രുവരിയിൽ, കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ജനുവരിയിലെ 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി ഉയർന്നിരുന്നു. പെട്രോൾ വിലയിലുണ്ടായ വർദ്ധനവ് ഉൾപ്പെടെയുള്ള കാരണങ്ങൾ മൂലം പണപ്പെരുപ്പ നിരക്ക് 6 ശതമാനത്തിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്.