'കല്യാണപ്പെരുന്നാൾ' അവസാനഭാഗം. എഴുതിയത് അബ്രഹാം ജോർജ്.

By: 600009 On: Apr 13, 2022, 11:56 AM

Story written by, Abraham George, Chicago.

ഓട്ടോറിക്ഷ തൊഴിൽ നിസ്സാരമായി കാണാൻ തോമക്ക് കഴിഞ്ഞിരുന്നില്ല. തോമയെ സംബന്ധിച്ചടത്തോളം പഠനവും, തൊഴിലും ചേർത്ത് കൊണ്ടു പോകാൻ പറ്റിയ ജോലിയായിരുന്നുയത്. പoനസൗകര്യാർത്തം പ്രീഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പ് എടുത്ത തോമ, ഡിഗ്രിക്ക് ബി.എ.യ്ക്കാണ്  ചേർന്നത്.

ഓട്ടോയുടെ രാത്രി ഓട്ടം ദുർഘടം പിടിച്ചതാണ്. ഏത് ടൈപ്പുള്ള മനുഷ്യരാണ് വന്ന് കയറുന്നതെന്ന് പറയാനാവില്ല. കിട്ടുന്ന ഓട്ടം ഓടുകയെന്നല്ലാതെ ഒരു ഡ്രൈവറിന് മറ്റൊന്നും നോക്കാനാവില്ല. എല്ലാം ശ്രദ്ധിച്ച് ഓടിയാൽ പത്ത് പൈസ ഉണ്ടാക്കാനും കഴിയില്ല. രാത്രി പത്ത് കഴിഞ്ഞാൽ ഓട്ടം വിരളമാകും. പിന്നെയുള്ളത് റെയിൽവേ സ്റ്റേഷൻ, ട്രാൻസ്പോർട്ട് സ്റ്റാൻ്റ്, സെക്കൻ്റ് ഷോ കഴിഞ്ഞുള്ള ഓട്ടം, അത്രയേയുള്ളൂ. ഇതൊക്കെ കാത്ത് കെട്ടിക്കിടന്ന് കിട്ടണ ഓട്ടം. മണിക്കൂറുകളുടെ കാത്തിരിപ്പിനു ശേഷം വന്നെത്തുന്നത്, നിയമം പറയണ വ്യക്തിയാണ് കയറുന്നതെങ്കിൽ കാര്യങ്ങൾ ആകെ അവതാളത്താലാകും. ഒറ്റ ഓട്ടമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. അത് കഴിഞ്ഞ് തിരിച്ചെത്തിയാൽ സ്ഥലം കാലിയായിട്ടുണ്ടാകും. പിന്നെ അടുത്ത ട്രെയിൻ വരണം. കാത്തിരുന്ന്, കാത്തിരുന്ന് കിട്ടുന്ന കുറച്ച് ഓട്ടങ്ങൾ.

പെരുമഴയത്ത് സൈയിഡ് കർട്ടൻ വലിച്ചിട്ട് ബാക്ക് സീറ്റിൽ കിടന്ന് മയങ്ങുമ്പോൾ തോമ ഭാവിയെ കുറിച്ച് സ്വപ്നം കാണും. പെരുമഴയത്ത് ചുരുണ്ടുകൂടി പിൻസീറ്റിൽ കിടക്കുമ്പോൾ നല്ലൊരു കാലത്തിൻ്റെ ഓർമ്മകൾ ഓർത്തു പോകും. ആ സമയം റോഡ് ശൂന്യമായിരിക്കും. നിശബ്ദമായ അന്തരീക്ഷം. തിരക്കേറിയ നഗരം ശാന്തമായി ഉറങ്ങുന്നു. അല്ലലില്ലാതെ, തേങ്ങലില്ലാതെ നഗരം മയങ്ങുകയാണ്. അവിടെയവിടെ കേൾക്കുന്ന ചെറുശബ്ദം മാത്രം. വരാനിരിക്കുന്ന തിരക്കിന് മുന്നോടിയായുള്ള ശാന്തത . വെളുപ്പാൻ കാലം മുതൽ ജനം നിരത്തിലേക്ക് ഇറങ്ങുകയായി. ആ സമയം കുറച്ച് ഓട്ടം കിട്ടും. അതായിരിക്കും ചിലവ് കഴിഞ്ഞുള്ള സമ്പാദ്യം. ഓട്ടോ പണിയിൽ നമ്മൾ അറിയാതെ തന്നെ മാമപ്പണി ചെയ്ത് പോകും.

ആരെങ്കിലും വന്ന് ഓട്ടോ വിളിക്കും.ഏതെങ്കിലും പെണ്ണിനെയും കൂട്ടി ലോഡ്ജിൽ എത്തിക്കാനായിരിക്കും. പെട്ടു പോകും. ഈ തൊഴിലുമായി നടക്കണ, പരിചയമുള്ള സ്ത്രീമുഖങ്ങൾ വരെ കണ്ട് തോമ ഞെട്ടിയിട്ടുണ്ട്. ചില മാന്യന്മാർ ഡ്രൈവർക്ക് ഒന്നു പൂശണോയെന്ന് വരെ ചോദിച്ചുകളയും. കാട്ടിലെ തടി തേവരുടെ ആന, ആർക്ക് ചേതം. അതാണ് അവരുടെ മനോഭാവം. പൂശാൻ നിന്നാൽ ഡ്രൈവറുടെ കഞ്ഞികുടി മുട്ടും. പത്തു പൈസ പിന്നെ ഓട്ടത്തിന് കിട്ടില്ല. അതോണ്ട് എല്ലാവരും തടി വെടക്കാക്കാതെ പൈസയും വാങ്ങി കടന്ന് കളയും. ഇത് തോമയെന്ന ഓട്ടോ ഡ്രൈവറുടെ കഥയാണ്. മറ്റുള്ളവരുടെ കഥയുമായി ഇതിനൊരു ബന്ധവുമുണ്ടാവില്ലായെന്ന് തോമക്ക് അറിയാം. ഇതേ പോലേയുള്ള ഒരു പാട് കഥ തോമക്ക് പറയാനുണ്ട്.

ഓട്ടോയിൽ കയറി മദ്യപിച്ച്, മദ്യപിച്ച് മുഴുവൻ പൈസയും തീർത്ത് അവസാനം ഓട്ടോ കാശുപോലും തരാതെ മുങ്ങുന്നവരുണ്ട്. ദയ തോന്നി കുടുംബത്ത് കൊണ്ടന്നാക്കിയാൽ കുടുംബത്തിലുള്ളവരുടെ തെറി വരെ കേൾക്കേണ്ടി വരും. എന്തായാലും തോമ ഈ തൊഴിൽ നിർത്താൻ തന്നെ തീരുമാനിച്ചു. നിവർത്തികേടുകൊണ്ട്. ഒരു പരിചയവുമില്ലാത്ത റെഡിമെയിഡ് ബിസിനസ്സിലേക്ക് കാലെടുത്തു വെച്ചു. ഞാനും, ഭാര്യയും തയ്യൽ പഠിച്ചു. മൂലധനമില്ലാതെ തുടങ്ങിയ ബിസിനസ്സ്, തുടക്കത്തിൽ ബുദ്ധിമുട്ട് ഏറെ സഹിക്കേണ്ടി വന്നു. പണം പലിശക്ക് എടുത്ത് ബിസിനസ്സ് മുന്നോട്ട് നയിച്ചു. ഈട് കൊടുക്കാൻ ഇല്ലാത്തതു കൊണ്ട് ബാങ്ക് പണം തരാൻ വിസമ്മതിച്ചു. പല വിധ സഹായങ്ങളും കടകളിൽ നിന്നും കിട്ടി. തുണിക്കടകളിൽ പോയി ഓർഡർ എടുക്കുക, തയ്ച്ച് അവിടെ എത്തിച്ച് കൊടുക്കുക, ഹോൾ സെയിൽ കടയിൽ നിന്നും തുണിയെടുത്ത് തയ്ച്ച് കൊടുക്കുക അങ്ങനെ അങ്ങനെ ബിസിനസ്സ് പടിപടിയായി ചെയ്തു. ഇവിടെ ഒരു പാട് ദുരിതങ്ങളുടേയും പ്രയാസങ്ങളുടേയും കഥകൾ പറയാനുണ്ട്.

ദുഖവെള്ളിയാഴ്ചകളാണ് തോമാക്ക് ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നത്. ഒരോ ദുഃഖവെള്ളിയാഴ്ചയും റെഡിമെയ്ഡ് ഐറ്റവും തോളിലേന്തി നടക്കുമ്പോൾ മനസ്സിൽ ഓർക്കും, അടുത്ത ദുഃഖവെള്ളി രക്ഷപ്രാപിക്കുമെന്ന്. ചെരിപ്പ് തേഞ്ഞ് ഉപ്പൂറ്റി തറയിൽ ചവിട്ടിയാണ് മൈലുകളോളം നടക്കുന്നത്. നൂറു കൂട്ടം കുടുംബ കാര്യങ്ങളുള്ളതുകൊണ്ട്, മറ്റൊരു ചെരുപ്പ് വാങ്ങാൻ തോന്നാറില്ല. കാഴ്ചയിൽ ചെരിപ്പ് ഉണ്ടെന്ന് മറ്റുള്ളവർക്ക് തോന്നുമെന്നുള്ള ആശ്വാസമായിരുന്നു മനസ്സിൽ. അങ്ങനെ എത്രയെത്ര ദുഃഖവെള്ളികൾ കടന്നു പോയന്ന് അറിയില്ല. എപ്പളോ പച്ചപിടിച്ച് കഴിഞ്ഞിരുന്നു.

ഭാര്യയുടെ, വരവിൻ്റെ മാലയും കമ്മലും വളയും മാറ്റി സ്വർണ്ണത്തിൻ്റെയാക്കി. ഈ കൂട്ടത്തിൽ മക്കൾ വലുതാകുകയായിരുന്നു. ബുദ്ധുമുട്ട് അറിഞ്ഞു വളർന്ന മക്കൾ വഴി തെറ്റാതെ പഠിച്ചു. നല്ല തൊഴിൽ നേടുകയും ചെയ്തു. അതായിരുന്നു കുടുംബത്തിൻ്റെ ഐശ്വര്യം. കാലങ്ങൾ കഴിയുന്തോറും സ്വർണ്ണത്തിനോടുള്ള ആർത്തി തോമാക്ക് തീർന്നു. ആരംഭകാലത്ത് അതൊരു ആവേശമായിരുന്നു. ഇല്ലാത്തതിനോടുള്ള അഭിനിവേശം. തോമാക്കിപ്പോൾ അശേഷം സ്വർണ്ണ ഭ്രാന്തില്ല. ബാങ്ക് ലോക്കറിൽ കൂട്ടി വെക്കുന്ന അനാവശ്യമായ ഒരു സാധനം. അത്രേ തോമയിപ്പോൾ കരുതുന്നുള്ളൂ.

കാലത്തിൻ്റെ ഒഴുക്ക് അനുസരിച്ച് തോമായും കുടുംബവും മാറി. മക്കൾ അമേരിക്കയിൽ എത്തി. അവിടെ സ്ഥിരതാമസമായി. അമേരിക്ക ഭൂഖണ്ഡം തോമാക്കും, ഭാര്യക്കും ഇടക്കിടക്ക് പോയി വരുന്ന സ്ഥലമായി മാറി. തോമയിപ്പോൾ നാട്ടിൽ അറിയപ്പെടുന്ന വ്യക്തിയായി വളർന്നു കഴിഞ്ഞു. പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ തോമാക്ക് ഒരു തരി വേദനയില്ല, പകരം സന്തോഷമാണ്. ബുദ്ധിമുട്ടിലൂടെ വളർന്നാലേ ജീവിതത്തിന് സുഖമുള്ളൂ. പ്രതീക്ഷക്ക് വകയുള്ളൂ. എന്നെങ്കിലും വിജയിക്കുമെന്ന ആഗ്രഹം മനസ്സിൽ തങ്ങി നിൽക്കൂ. കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം കിട്ടാതിരിക്കാല്ലായെന്നത് തോമാക്ക് ഉറപ്പാണ്. അതാണ് തോമയുടെ ജീവിതം വരച്ചിടുന്നത്. അറുപട്ടിണിയിൽ നിന്നും അരപട്ടിണിയിലേക്കും, അര പട്ടിണിയിൽ നിന്നും പട്ടിണിയില്ലാഴ്മയിലേക്കും വളർന്നു. പിന്നെയും മോഹങ്ങൾ ബാക്കി നിന്നു. എത്ര കിട്ടിയാലും മതിവരാത്ത മോഹങ്ങൾ. ആശകൾക്ക് അറുതിയില്ല. മരിക്കുവോളം ആഗ്രഹങ്ങൾ നിലനിൽക്കുന്നതാണ് നല്ലത്. ജീവിക്കാനുള്ള ആഗ്രഹം വർദ്ധിപ്പിക്കും. വളരുന്തോറും വന്ന വഴി മറക്കാതിരിക്കുക. നമ്മളെപ്പോലെ വളർന്ന് വരുന്നവരെ സഹായിക്കുക. അതാണ് തോമക്ക് പറയാനുള്ളത്.

അവസാനിച്ചു.