കാല്‍ഗരിയില്‍ യുവതിയെ വെടിവെച്ചുകൊന്ന സംഭവം: പ്രതിക്കായി കാനഡയിലുടനീളം വാറണ്ട് പുറപ്പെടുവിച്ചു  

By: 600002 On: Apr 13, 2022, 10:35 AM

 

കാല്‍ഗരിയിലെ ടെമ്പിള്‍ കമ്യൂണിറ്റിയിലെ 23 വയസ്സുള്ള യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തിരയുന്ന പ്രതിയുടെ ഫോട്ടോ കാല്‍ഗരി പോലീസ് പുറത്തുവിട്ടു. 37 കാരനായ ജെറാള്‍ഡ് റസ്സല്‍ ഫ്രോമെല്‍റ്റ് എന്നയാളെയാണ് പോലീസ് തിരയുന്നത്. ഇയാളെ പിടികൂടുന്നതിനായി കാനഡയിലുടനീളം വാറണ്ട് പുറപ്പെടുവിച്ചു. 

ഏപ്രില്‍ 7നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടെമ്പിള്‍വ്യൂ ഡ്രൈവ് എന്‍ഇയിലെ 300 ബ്ലോക്കില്‍ വെച്ചാണ് ജാമി ലിന്‍ ഷീബിള്‍ എന്ന യുവതിക്ക് വെടിയേറ്റത്. സംഭവം നടന്നയുടന്‍ ഫൂട്ട്ഹില്‍സ് മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും സാരമായി പരുക്കേറ്റ ഷീബിള്‍ മരണത്തിന് കീഴടങ്ങി. 

അന്വേഷണത്തില്‍ പ്രതിയും യുവതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് നരഹത്യക്ക് പ്രേരിപ്പിച്ചതെന്നും കാല്‍ഗരി പോലീസ് പറഞ്ഞു. 

ഫ്രോമെല്‍റ്റിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സിപിഎസ് നോണ്‍-എമര്‍ജന്‍സി ലൈനുമായി 403-266-1234 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് പോലീസ് അറിയിച്ചു. മറ്റെന്തെങ്കിലും അറിയാവുന്നവര്‍ക്ക് ക്രൈം സ്റ്റോപ്പേഴ്‌സിനും വിവരങ്ങള്‍ കൈമാറാം.