പക്ഷിപ്പനി: കാനഡയില്‍ മുട്ട, കോഴിയിറച്ചി വിതരണം തടസ്സപ്പെടാതിരിക്കാന്‍ നടപടി സ്വീകരിച്ച് ഭക്ഷ്യ വ്യവസായ മേഖല 

By: 600002 On: Apr 13, 2022, 10:10 AM

 

കാനഡയുള്‍പ്പടെ പല രാജ്യങ്ങളിലും പക്ഷിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കോഴിയിറച്ചി, മുട്ട ഉല്‍പ്പാദന, വിതരണം നിലനിര്‍ത്താന്‍ ഭക്ഷ്യ വ്യവസായ മേഖല നടപടികള്‍ സ്വീകരിച്ചതായി അഗ്രികള്‍ച്ചര്‍ ആന്‍ഡ് അഗ്രി-ഫുഡ് കാനഡ അറിയിച്ചു. കോഴി, മുട്ട വിതരണത്തില്‍ ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷം അവസാനം ന്യൂഫൗണ്ട്‌ലാന്‍ഡ്, ലാബ്രഡോര്‍, നോവ സ്‌കോഷ്യ, ഒന്റാരിയോ, ആല്‍ബെര്‍ട്ട എന്നിവടങ്ങളിലെ ഫാമുകളിലാണ് H5N1  വൈറസ് ബാധ കണ്ടെത്തിയത്. പിന്നീട് കാനഡയിലുടനീളം വ്യാപിക്കുകയായിരുന്നു. 

പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ മറ്റ് ഫാമുകളിലേക്ക് കൂടി വൈറസ് പകരാതിരിക്കാന്‍ ഇതുവരെ കാനഡയില്‍ ഏകദേശം 260,000 കോഴികളെ കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ട്. 

പക്ഷിപ്പനി വ്യാപിക്കുന്നതിനാല്‍ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില ചില കമ്പനികള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഇതിന് കാരണമാകുന്ന പല ഘടകങ്ങളുമുണ്ട്. വൈറസ് ബാധ വില വര്‍ധനയെ നേരിട്ട് ബാധിച്ചിട്ടുണ്ടോയെന്ന് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി സസ്‌കൂഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 

പക്ഷിപ്പനി വ്യാപിക്കുന്ന ഇടങ്ങളില്‍ കണ്‍ട്രോള്‍ സോണ്‍ പ്രഖ്യാപിക്കുന്നതുള്‍പ്പടെ വ്യാപനം തടയാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.