ന്യൂഡെല്‍ഹി: ജര്‍മ്മനിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ ഇന്ത്യയെ ക്ഷണിക്കില്ലെന്ന് റിപ്പോര്‍ട്ട്. ജൂണില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഥിതിയായി ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, റഷ്യ-ഉക്രെയ്ന് യുദ്ധത്തില്‍ റഷ്യയ്ക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചതോടെയാണ് ഇന്ത്യയെ ക്ഷണിക്കേണ്ടതില്ലെന്ന് ജര്‍മ്മനി തീരുമാനിച്ചതെന്നാണ് സൂചന.
സെനഗല്‍, ദക്ഷിണാഫ്രിക്ക, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ അതിഥികളാകുമെന്നാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ റഷ്യയ്ക്കെതിരായ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന 50 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടായിരുന്നു. ഇതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പ്രതിഷേധമറിയിച്ചിരുന്നു. റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന പ്രധാനരാജ്യമാണ് ഇന്ത്യ.