തീക്ഷണമായ ശബ്ദത്തിനും പരുക്കന്‍ തമാശകള്‍ക്കും പേരുകേട്ട ഹാസ്യനടനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ ഗില്‍ബെര്‍ട്ട് ഗോട്ട്‌ഫ്രൈഡ് അന്തരിച്ചു. 67 വയസ്സായിരുന്നു. അപൂര്‍വമായ ജനിതക പേശീരോഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് സുഹൃത്ത് ഗ്ലെന്‍ ഷ്വാര്‍ട്‌സ് പ്രസ്താവനയില്‍ അറിയിച്ചു.
കലാരംഗത്ത് വിചിത്രവും സ്വതന്ത്രവുമായ ഹാസ്യ നടനായിരുന്നു ഗില്‍ബെര്‍ട്ട്. എംടിവിയുടെ ആദ്യകാലങ്ങളില്‍ ചാനലില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുമായിരുന്ന ഗില്‍ബെര്‍ട്ട് 1980 കളില്‍ 'സാറ്റര്‍ഡേ നൈറ്റ് ലൈവ്' എന്ന ചിത്രത്തിലെ ഹ്രസ്വമായ അഭിനയം കൊണ്ട് ദേശീയ ശ്രദ്ധ നേടി. കുട്ടികള്‍ക്കു വേണ്ടിയുള്ള ടെലിവിഷന്‍ പരിപാടികളിലെയും നിരവധി സിനിമകളിലെയും കഥാപാത്രങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ജീവന്‍ നല്‍കി.
ഒരു ഹാര്‍ഡ്‌വെയര്‍ സ്റ്റോര്‍ ഉടമയുടെയും സാധാരണ വീട്ടമ്മയുടെയും മകനായി ബ്രൂക്ലിനിലാണ് ഗോട്ട്‌ഫ്രൈഡ് ജനിച്ചത്. 15-ാം വയസ്സ് മുതല്‍ അമച്വര്‍ സ്റ്റാന്‍ഡ്അപ്പ് കോമഡികള്‍ ചെയ്യാന്‍ തുടങ്ങി.
ഗോട്ട്‌ഫ്രൈഡിന്റെ നിര്യാണത്തില്‍ കലാരംഗത്തുള്ള നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.