ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തിലേക്ക്; നിയന്ത്രണം ശക്തമാക്കാന്‍ നിര്‍ദേശം

By: 600021 On: Jan 15, 2022, 1:29 AM

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തിലേക്കടുക്കുന്നു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ചുള്ള നിയന്ത്രണം ശക്തമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പൊതുപരിപാടികള്‍ക്കും റാലി,പദയാത്ര എന്നിവക്കുമുള്ള വിലക്ക് തുടര്‍ന്നേക്കും. കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ വെര്‍ച്വല്‍ റാലിയുമായി മുന്നോട്ട് പോകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കാനാണ് സാധ്യത. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യവും വാക്‌സിനേഷന്‍ പുരോഗതിയും വിലയിരുത്തിയ ശേഷം ഇന്ന് തന്നെ കമ്മീഷന്‍ അന്തിമ തീരുമാനമെടുക്കും. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 2,64,202 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2.47 ലക്ഷം പ്രതിദിന കേസുകളില്‍ നിന്ന് 6.7 ശതമാനം വര്‍ധനവാണ് പുതിയ കേസുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 5,753 എണ്ണം ഒമിക്രോണ്‍ കേസുകളാണ്. രാജ്യത്ത് 315 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു, ഇന്ത്യയിലെ മൊത്തം മരണങ്ങള്‍ 485,350 ആയി, സജീവ കേസുകള്‍ 12,72,073 ആയി ഉയര്‍ന്നു

Content Highlights: India records 264 lakh fresh covid cases 315 deaths