'ആനിയെൻ്റെ മോളു തന്നെയാണോ...?' : കാണാക്കയങ്ങൾ(ഭാഗം 6)

By: 600009 On: Jan 14, 2022, 4:38 PM

Story Written By, Abraham George, Chicago.

ആനി സുന്ദരിയായതുകൊണ്ടും, ആവശ്യത്തിന് സ്വത്തുള്ളതുകൊണ്ടും പെട്ടന്ന് തന്നെ വിവാഹം നടക്കുമെന്ന് മാത്യുകോരയുടെ ഭാര്യ ത്രേസ്യാ വിചാരിച്ചു. പല വിവാഹാലോചനകളും വന്നെങ്കിലും അതെല്ലാം മുടങ്ങിപ്പോയി. കാരണമെന്താണന്ന് അവർക്ക് ഒരുപിടിയും കിട്ടിയില്ല. കോര കുടുംബത്തിൻ്റെ അപകീർത്തി തന്നെയായിരിക്കും കാരണമെന്നവർ ചിന്തിച്ചു. സ്വത്ത് സമ്പാദനത്തിനായി ഏതറ്റം വരെ പോകാമോ അത്രത്തോളം മാത്യു കോര സഞ്ചരിച്ചു. പണമുണ്ടെങ്കിൽ ഏത് നാണക്കേടും തനേ പോയിക്കൊള്ളും എന്ന ചിന്തയാണിപ്പോൾ അസ്ഥാനത്തായി പോയത്. ഇനി ഒട്ടും താമസിയാതെ പെണ്ണിൻ്റെ വിവാഹം നടത്തി വിടണം, അത് വെച്ച് താമസിപ്പിച്ചാൽ ശരിയാകില്ലായെന്ന് ത്രേസ്യാക്ക് തോന്നി. മാത്യു കോര വന്നയുടനെ വിഷയം അവർ എടുത്തിട്ടു.

ത്രേസ്യാ പറഞ്ഞു " ആനിയുടെ കല്യാണം ഉടൻ നടത്തണം, ഒട്ടും അമാന്തിക്കരുത്."

അയാൾ പറഞ്ഞു "എത്രയും വേഗം നടത്താം, അതിനുള്ള ഏർപ്പാടുകൾ ഉടൻ ചെയ്യാമെന്നയാളേറ്റു."

അടുത്തയിടയായി ചെയ്തു കൂട്ടിയ മഹാപാതകത്തിൻ്റെ ചിന്തകൾ മാത്യു കോരയെ അലട്ടികൊണ്ടിരുന്നു. അറിഞ്ഞും അറിയാതെയും ചെയ്തു കൂട്ടിയ കൊലപാതകങ്ങൾ, വഞ്ചനകൾ ഇവയെല്ലാം ഓർക്കുന്തോറും അയാളുടെ നെഞ്ചിൻ കൂട് തകരുകയാണ്. ആരുടെ മുമ്പിലും തലയുർത്തി നിന്ന കോര തളരുകയാണ്. തൻ്റെ മുന്നിൽ പുളഞ്ഞ് കിടന്ന മാധവിയെന്ന കൂത്തിച്ചി ഫണം ഉയർത്തി നേർക്ക് നേരേ നിൽക്കുന്നു. അവൾ തൻ്റെ  മകനെ ഉപയോഗിച്ച് പ്രതികാരത്തിനായി തയ്യാറെടക്കുന്നു. ഉണ്ടാക്കിയെടുത്ത മക്കളും ചോദ്യങ്ങളുമായി തന്നെ തളക്കുകയാണ്. തലക്കു മുകളിൽ വാള് തൂങ്ങിക്കിടക്കുന്നതായി അയാൾക്ക് തോന്നി തുടങ്ങി.

അയാൾ സൗമ്യമായി ഭാര്യയോട് ചോദിച്ചു " നീ സത്യം പറയണം, ആനിയെൻ്റെ മോളു തന്നെയാണോ, അതോ മറ്റാരുടെയോ?"

ത്രേസ്യാ ഞെട്ടിപ്പോയി, "നിങ്ങൾ കാട്ടിൽ മെതിച്ച് നടന്നപ്പോളും ഞാൻ പിഴച്ചില്ല, നിങ്ങൾ അതും ചെയ്യിച്ചേനേ, എൻ്റെ അനിയത്തിയെ നിങ്ങൾ എല്ലാവർക്കുമായി വീതം വെച്ചപ്പോൾ ഞാൻ ശക്തമായി എതിർത്തു. അവൾ ആ തരക്കാരിയായതുകൊണ്ട് തടഞ്ഞിട്ടെന്തു കാര്യം. കുടുംബത്തിൽ വന്നു പിറന്ന അസുരവിത്ത്. കാമം മൂത്തതിൻ്റെ പുളച്ചലായിരുന്നു അവൾക്ക്, ചില ജന്മം അങ്ങനെയാണ്, അവൾ ഈ വഴിക്കല്ലായെങ്കിൽ മറ്റേതെങ്കിലും ദുർഘടം പിടിച്ച വഴിക്ക് പോകുമെന്നുറപ്പാണ്, അതു കൊണ്ട് ഞാനും കണ്ണടച്ചു, അത് തെറ്റായിപ്പോയിയെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. നിങ്ങളും ഇതു തന്നെ തരമെന്ന് കരുതി. അവസാനം ഗുഹ്യരോഗം വന്ന് മരിച്ചപ്പോൾ അവൾ അനുഭവിച്ച വേദന എത്ര വലുതായിരുന്നു, അതോർക്കുമ്പോൾ ഹൃദയം തകരുകയാണ്. അന്ന് ഞാൻ പറഞ്ഞില്ലേ നമുക്ക് ആവശ്യത്തിനുള്ള സ്വത്ത് മതിയെന്ന്, നിങ്ങളത് കേട്ടില്ല. പിന്നെയും പിന്നെയും സമ്പത്ത് വാരിക്കൂട്ടാൻ ശ്രമിച്ചപ്പോൾ തകർന്നത് കുടുംബത്തിൻ്റെ സമാധാനമാണ്. ഇന്ന് മക്കളുടെ പിതൃത്വത്തിൽ സംശയം, രാത്രിയില്ല, പകലെന്നില്ലാതെ കാടും മേടും കയറി നടന്ന നിങ്ങൾക്ക് സംശയം തോന്നിയതിൽ അത്ഭുതമില്ല, നിങ്ങളുടെ കൈയ്യിലിരിപ്പ് അങ്ങനെയായിരുന്നല്ലോ, മാനത്തെക്കാൾ വലുത് സമ്പത്താണന്ന് വിശ്വസിച്ച നിങ്ങളോട് ഞാനെന്ത് പറയാൻ."

"അതല്ലാ ത്രേസ്യാ മത്തായി കുഞ്ഞ് എൻ്റെ മുഖത്ത് നോക്കി ചോദിച്ചു താൻ തന്നെയാണോ എൻ്റെ തന്തയെന്ന്."

"അതിനുത്തരം പറയാൻ നിങ്ങൾക്ക് നാവ് പൊന്തിയില്ലായല്ലേ? പിതൃത്വത്തിന് വിലപേശിയപ്പോൾ തല കുനിച്ച് കേട്ടു നിൽക്കാൻ നിങ്ങൾക്ക് ലജ്ജ തോന്നിയില്ലേ? വന്ന് വന്ന് ആരൊക്കെയാണ് സ്വന്തം മക്കളെന്ന് നിശ്ചയമില്ലാതായി, എന്നാൽ ധൈര്യമായി പറഞ്ഞോളൂ, മക്കളുടെ അപ്പൻ ഞാൻ തന്നെയാണന്ന്. ഞാൻ ആരുടെ മുന്നിലും മാനം കളഞ്ഞ് കുളിച്ചിട്ടില്ലാ, മത്തായി കുഞ്ഞിനോട് നിൻ്റെ തന്ത  ഞാൻ തന്നെയാണന്ന് പറയാൻ  മടിയാണങ്കിൽ നിങ്ങൾ ചോദിക്കണ്ട,  അവനോട് ഞാൻ തന്നെ ചോദിച്ചോളാം."

അയാൾ തളർന്നുകഴിഞ്ഞിരുന്നു. പ്രതാപശാലിയായ മാത്യു കോര തളരുകയാണിവിടെ. അയാൾ ചോദിച്ചു

"കുറച്ചു വെള്ളം."

ത്രേസ്യാ കൊണ്ടുവന്ന വെള്ളം അയാൾ ഒറ്റ വലിക്ക് കുടിച്ചു. അയാൾ പറഞ്ഞു

" ഒന്ന് കിടക്കണം."

മാത്യു കോര കട്ടിലിൽ പോയി നീണ്ടു നിവർന്ന് കിടന്നു. അയാൾ ഓർത്തു 'പണ്ട് തെക്കൻ തിരുവിതാംകൂറിൽ തന്നെയും കുടുംബത്തെയും പ്രാണനെപ്പോലെ സ്നേഹിച്ച ചീതപ്പുലയനെയും കാളി മുപ്പത്തിയെയും പറ്റി, അവിടെ നിന്ന് പോന്നതിനു ശേഷം അവരെ കുറിച്ച് ഇതേവരേ ചിന്തിച്ചിട്ടില്ല, നെല്ല് കൊയ്ത് പുത്തരിയാക്കി തന്ന ചെറുമനും, ചെറുമിയും. അവരൊക്കെ ഇന്ന് ജീവിച്ചിരിപ്പുണ്ടാകുമോ ആവോ? അവരെയൊക്കെയൊന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചു. താൻ ജനിച്ചു വളർന്ന മണ്ണിനെക്കുറിച്ച് ചിന്തിച്ചു. എൻ്റെയും പിതാവിൻ്റെയും മുൻ തലമുറയുടെയും മണ്ണ് വിട്ട് പോരുമ്പോൾ, എങ്ങനെയെങ്കിലും സ്വത്ത് സമ്പാദിക്കണമെന്ന ആവേശമായിരുന്നു. എല്ലാം അസ്ഥാനത്തായോയെന്ന ചിന്ത അയാളെ അലട്ടി.

പുറത്തെ നിഴലിൽ താൻ കൊന്നുതള്ളിയവരുടെ ആത്മാക്കൾ അലഞ്ഞു നടക്കുന്നതായി അയാൾക്ക് തോന്നി. മയക്കത്തിൽ ഏതോ വിഷസർപ്പം ഫണമുയർത്തി കൊത്താൻ വരുന്നത് കണ്ട് ഞെട്ടിയുണർന്നു. പിന്നെയും ആലസ്യത്തിൻ്റെ മയക്കത്തിലേക്ക് പോയി.

---------തുടരും-----------