ആൽബെർട്ടയിലെ ഇൻഫർമേഷൻ ടെക്നോളജി ഇൻഡസ്ട്രയിലേക്ക് പ്രതിഭകളെ ആകർഷിക്കാൻ പുതിയ ടെക്-ഫോക്കസ്ഡ് ഇമിഗ്രേഷൻ പോളിസിയുണ്ടാക്കുന്നു. പുതിയ ആക്‌സിലറേറ്റഡ് ടെക് പാത്ത്‌വേ കാനഡയിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രൊഫഷണലുകൾക്ക് വേഗത്തിൽ ജോലി ലഭിക്കുവാനും അതുവഴി പെർമനന്റ് റെസിഡൻസി ലഭിക്കുവാനും സഹായിക്കുന്നെന്ന് ആൽബെർട്ട സർക്കാർ അറിയിച്ചു. ആൽബെർട്ട ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന്റെ (AINP) ഭാഗമായി തന്നെ ആണ് പുതിയ ആക്‌സിലറേറ്റഡ് ടെക് പാത്ത്‌വേ പ്രോഗ്രാം നടപ്പിലാക്കുന്നത്.
ത്വരിതപ്പെടുത്തിയ പുതിയ ഇമിഗ്രേഷൻ പാത ലോകമെമ്പാടുമുള്ള മികച്ച ടെക് പ്രതിഭകളെ ആൽബർട്ടയിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നും ആൽബെർട്ടയുടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാൻ സഹായിക്കുന്ന ടെക് ഇൻവെസ്റ്റ്മെന്റിനുള്ള ലക്ഷ്യസ്ഥാനമായി ആൽബർട്ടയെ തുടരാൻ സഹായിക്കുമെന്ന് ജോബ്സ്,ഇക്കണോമി, ഇന്നൊവേഷൻ മിനിസ്റ്റർ ഡഗ് ഷ്വീറ്റ്സർ പറഞ്ഞു.
ആൽബെർട്ട എന്റർപ്രൈസ് കോർപ്പറേഷൻ (എഇസി) നടത്തിയ പഠനമനുസരിച്ച്, 2018 ലെ 1,238 കമ്പനികളെ അപേക്ഷിച്ച് പ്രവിശ്യയിൽ ഇപ്പോൾ 3,000-ലധികം ടെക് കമ്പനികളുണ്ടെന്നും കൂടുതൽ സ്റ്റാർട്ടപ്പുകൾ പ്രവിശ്യയിലേക്ക് വരുന്നതായും സൂചിപ്പിക്കുന്നു.