Story Written By, Sharika Das, USA.
കുറെ നാളുകൾക്ക് ശേഷമാണ് വീണ്ടും ആ വീട്ടിലേക്ക് കയറി ചെല്ലുന്നത്.. അപ്പോഴും അവിടമാകെ മൂകത തളം കെട്ടി നിൽപുണ്ടായിരുന്നു.. പാതി വഴിക്ക് ജീവിതം ഉപേക്ഷിച്ചു പോയ ഒരു ആത്മാവിന്റെ തേങ്ങൽ നിശബ്ദതയിൽ എവിടെയോ ഉണ്ടെന്ന് തോന്നി..!
അങ്കിളും ആന്റിയും ഇവിടെ ഉണ്ടാകില്ലേ.. മുറ്റമാകെ പുല്ലു നിറഞ്ഞും ഇലകൾ വീണും കിടപ്പുണ്ട്.. അറിയാതെ നോട്ടം ആ ചെമ്പക മരത്തിനടുത്തേക്ക് പോയി നിന്നു.. അവിടെയാണ് അവൾ ഉറങ്ങുന്നത്.. അവളുടെ സ്വപ്നങ്ങളും മോഹങ്ങളും മൗനമായി പുതച്ചു കൊണ്ട് ശാന്തതയുടെ തീരങ്ങൾ പുൽകി അവൾ ഒരിക്കലും ഉണരാത്ത ഉറക്കത്തിലാണ്..
അവൾ എന്റെ പ്രിയപ്പെട്ട അനാമിക.. എന്റെ ആമി.. നിന്നെ കുറിച്ചോർക്കാത്ത ഒരു നിമിഷം പോലും ഇല്ല എന്റെ ജീവിതത്തിൽ.. നിന്നെ ജീവനെക്കാളേറെ സ്നേഹിച്ച അച്ചനെയും അമ്മയെയും ഒരു നിമിഷമെങ്കിലും നിനക്ക് ഓർക്കാമായിരുന്നു.. എല്ലാം ഉപേക്ഷിച്ച് നീ പോകുമ്പോൾ ആരുമില്ലാതായി തീരുന്ന ആ രണ്ടു ജന്മങ്ങളെ.. നിനക്കു വേണ്ടി മാത്രമാണ് അവർ ജീവിച്ചിരുന്നത്.. നിന്റെ കൂടെ ഞാനിവിടെ വരുമ്പോഴെല്ലാം ഒരു നല്ല കുടുംബം അതിന്റെ കെട്ടുറപ്പ് എങ്ങനെ ആയിരിക്കണം എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.. എത്ര പെട്ടെന്നാണ് എല്ലാം തകർന്നടിഞ്ഞത്.. നിന്നെ തള്ളി പറഞ്ഞ ഒരുവനു വേണ്ടിയോ നീ എല്ലാം ഉപേക്ഷിച്ചു പോയത്.. അതോ നിന്റെ പ്രണയം സത്യമായിരുന്നുവെന്ന് നീ നിന്റെ ജീവൻ കൊണ്ട് സാക്ഷ്യപ്പെടുത്തിയോ.. എന്തിനു വേണ്ടി.? എന്നും നിന്റെ ശരികളിൽ നിനക്ക് നിന്റെതായ കാഴ്ചപ്പാടുണ്ടായിരുന്നു.. നിന്നിലെ നന്മ ഞാൻ എന്നും തിരിച്ചറിഞ്ഞതാണ്.. പക്ഷേ മരണം ഒന്നിനും ഒരു പരിഹാരമായിരുന്നില്ല.. ഇത്രയും ചിന്തിക്കുന്നവളായ നീ ഇങ്ങനെ ജീവിതം അവസാനിപ്പിക്കും എന്ന് ഓർത്തതേയില്ല..
തുളസിത്തറയിലെ തുളസി പോലും വാടി കരിഞ്ഞു നിൽക്കുന്നു. പടികൾ കയറി ചെന്ന് കോളിങ്ങ് ബെൽ അടിച്ചപ്പോൾ കുറച്ചു സമയത്തിനകം വാതിൽ തുറക്കപ്പെട്ടു.. ആന്റിയായിരുന്നു.. എത്ര മാറിയിരിക്കുന്നു എത്ര ഭംഗിയായിരുന്നു ആന്റിയെ കാണാൻ ഇപ്പോൾ ആകെ ക്ഷീണിച്ച് വയ്യാതായിരിക്കുന്നു.. വാതിൽ തുറന്ന് ആന്റി കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കി നിന്നു കണ്ണുകൾ നിറഞ്ഞൊഴുകി.. എന്നെ വന്ന് കെട്ടി പിടിച്ചു.. ഈ ഒരു അവസ്ഥ കാണാതിരിക്കാൻ വേണ്ടിയാണ് മനസ്സ് പലതവണ ഊന്നിയിട്ടും ഇങ്ങോട്ടുള്ള വരവ് മാറ്റി വച്ചത്..
ആന്റിയെയും കൊണ്ട് അകത്തേക്ക് പോയപ്പോൾ റൂമിൽ അങ്കിൾ കട്ടിലിൽ കിടപ്പുണ്ട്. മുടിയും താടിയും വളർന്ന് ഒരു ഭ്രാന്തനെ പോലെ ആയിരിക്കുന്നു. ഞാൻ കുറച്ചു നേരം നോക്കി നിന്നു അങ്കിൾ ഒന്നും മിണ്ടിയില്ല. ആ ജനലിലൂടെ അങ്കിൾ നോക്കുന്നത് ആ ചെമ്പകമരചുവട്ടിലേക്കായിരുന്നു..
ആന്റി പറഞ്ഞു ഇപ്പോൾ ഇങ്ങനെയാണ് അവൾ പോയതിൽ പിന്നെ സംസാരം ഇല്ല.. അല്ലെങ്കിലും ആമിക്ക് അച്ചൻ നല്ലൊരു കൂട്ടായിരുന്നു. ഒരു കൂട്ടുകാരനെ പോലെ..
ഞാനാ കട്ടിലിലിരുന്നു.. അങ്കിളിനെ വിളിച്ചു എന്റെ മുഖത്തേക്ക് നോക്കി കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ഒന്നും മിണ്ടിയതേയില്ല..
മോള് ഇരിക്ക് ആന്റി ചായയിട്ട് കൊണ്ടുവരാം..
ഞാൻ അവിടെ നിന്നെഴുന്നേറ്റ് പതുക്കെ ആ മുറിയിലേക്ക് നടന്നു.. അവിടെയാണ് ഈ വീട്ടിൽ വരുമ്പോഴെല്ലാം ഞാനും അവളും ചിലവഴിച്ചിരുന്നത്.. അവളുടെ ലോകം അതായിരുന്നു.. എന്റെ മുമ്പിൽ അതിന്റെ വാതിൽ തുറക്കപ്പെട്ടു.. ഇപ്പോഴും എല്ലാം അങ്ങനെ തന്നെയുണ്ട് ഒന്നിനും ഒരു മാറ്റമില്ല .. പക്ഷേ അവൾ മാത്രം ഇല്ല.. ഷെൽഫിൽ അവൾക്ക് പ്രിയപ്പെട്ട പുസ്തകങ്ങൾ നിരന്നിരിപ്പുണ്ട്.. എപ്പോഴും ഏതെങ്കിലും പുസ്തകം കയ്യിൽ പിടിച്ചേ അവളെ കാണാറുള്ളൂ. ഇത്രമേൽ വായനയെ ഇഷ്ടപ്പെട്ടിരുന്ന ഒരാളെ വേറെ കണ്ടിട്ടില്ല..
മേശയ്ക്ക് മുകളിൽ അവളുടെ പ്രിയപ്പെട്ട തൂലികയും കടലാസുകളും ഉണ്ടായിരുന്നു.. കവിതകളായി അവളിലെ പ്രണയം വിരിയുമ്പോൾ അവൾ എന്നും ആ കടലാസിലേക്ക് ഇറങ്ങി ചെല്ലുമായിരുന്നു.. പ്രണയത്തിന് അവളപ്പോൾ ജീവൻ നൽകുമായിരുന്നു. കോളേജ് മാഗസിനിൽ എത്രയോ കവിതകൾ വന്നിരിക്കുന്നു.. അവളിലെ അക്ഷരങ്ങൾ അംഗീകരിക്കപ്പെട്ടു.. അവൾ എന്നും കുറിച്ചിരുന്നത് പ്രണയവും സ്വപ്നങ്ങളുമായിരുന്നു.
ഏകാന്തതയെ പ്രണയിച്ചവൾ.. അവളുടെ മനസ്സിലേക്ക് എങ്ങനെയാണ് അയാൾ കടന്നു വന്നത്.. ഇപ്പോഴുമെനിക്ക് അതിശയമാണ് ഓർക്കുമ്പോൾ...! അതിനെല്ലാം കാരണമായ ആ ചിലങ്കകൾ ഇപ്പോഴും ആ പീഠത്തിനു മുകളിൽ ചുവന്ന പട്ടിൽ ഇരിപ്പുണ്ട്.. അവളുടെ ജീവതാളമായിരുന്നു അവ..
എപ്പോഴും ആമി പറയുമായിരുന്നു എനിക്ക് ജീവിതത്തിൽ ഉപേക്ഷിക്കാൻ പറ്റാത്ത ഒന്നാണിത്.. ചിലപ്പോൾ തോന്നും എന്റെ ആത്മാവ് കുടിയിരിക്കുന്നത് ഇതിലെന്ന്.. എന്റെ ചുവടുകൾ ഇതിൽ ആത്മബലം കണ്ടെത്താറുണ്ട്..
ആ ചിലങ്കകളിലൂടെ കൈവിരലോടിയപ്പോൾ ജനലിലൂടെ ഒരു കാറ്റു വന്നു തഴുകി പോയി.. ഞാനറിയുന്നു ആമി.... നീ ഇതിലുണ്ടെന്ന്.. നീ ജീവനായി കൊണ്ടു നടന്ന നിന്റെ ഈ ചിലങ്കകൾ ആണ് നിന്റെ ജീവനെടുത്തതും.. മനസ്സ് ആ ഓർമ്മകളിലൂടെ കടന്നുപോയി.. അന്നത്തെ ആ കലോത്സവം അതിൽ സ്വയം മറന്ന് ചുവടുകൾ വച്ചവൾ ആടി.. അന്നവിടെ അയാളുമുണ്ടായിരുന്നു ശ്യാമയുടെ സഹോദരൻ, അയാളാണ് ആവശ്യപ്പെട്ടത് പ്രോഗ്രാം തീർന്നപ്പോൾ ശ്യാമയോട് അനാമികയെ പരിചയപ്പെടുത്താൻ... ശ്യാമ അവളെ പരിചയപ്പെടുത്തി പക്ഷേ ആ പരിചയപ്പെടൽ ഇങ്ങനെ ഒരു പ്രണയത്തിലേക്ക് വഴിമാറുമെന്ന് അറിഞ്ഞില്ല.. അവളുടെ ജീവിതത്തിലേക്ക് അവളുടെ ഇഷ്ടങ്ങളിൽ മുഖ്യധാരയിലേക്ക് കയറാൻ അയാൾക്ക് കഴിഞ്ഞു.. പുസ്തകങ്ങളെയും ചിലങ്കകളെയും തൂലികയുമെല്ലാം വിട്ടവൾ അയാളെന്ന ലോകത്തേക്ക് മാറിയിരുന്നു.പിന്നെ ഞാൻ ആമിയിൽ കണ്ടത് പ്രണയത്തെ മുറുകെ പിടിക്കുന്ന ഒരു ഭാവമാണ്... അവൾ എല്ലാത്തിലും അതീതമാണെന്ന് തോന്നിയിട്ടുണ്ട്.. പിന്നീട് ആ പ്രണയം വിരഹത്തിന് വഴിമാറിയപ്പോൾ അവൾ തകർന്നു പോകുന്നതിനും ഞാൻ സാക്ഷിയായിരുന്നു.. പക്ഷേ ഇങ്ങനെ ഒരു ബുദ്ധിമോശം അവൾ ചെയ്യുമെന്ന് കരുതിയില്ല.. ഞാൻ സംസാരിച്ചിരുന്നു അയാളോട് അവൾക്കു വേണ്ടി.. പക്ഷേ അയാൾ നിസഹായനായിരുന്നു വീട്ടുകാരുടെ നിർബന്ധത്തിനു മുന്നിൽ. ജീവിതത്തിൽ ഒരാളോട് പുച്ഛം തോന്നിയത് അന്നാദ്യമായാണ്. അതൊന്നും ഓർക്കാതെയാണോ അയാൾ അവൾക്ക് വാക്ക് കൊടുത്തത് ബലമായി പിടിച്ചു വാങ്ങിയതാണ് അയാൾ അവളുടെ പ്രണയം..
പാവമായിരുന്നു ആമി താങ്ങാൻ കഴിഞ്ഞിരുന്നില്ല അവൾക്ക്.. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു.. രാവിലെ തന്നെ ഋഷിയുടെ കോൾ വന്നു..
നീ വേഗം ടൗൺ ഹോസ്പിറ്റലിൽ വരണം ആമി സീരിയസ് ആണ്
ഫോൺ കട്ടായി.. എങ്ങനെയാണ് അങ്ങോട്ട് എത്തിയതെന്ന് അറിയില്ല.. ആന്റിയും അങ്കിളും ഋഷിയും ഉണ്ടായിരുന്നു ഋഷി ആമിയുടെ കസിനാണ്.. അവൾ അടുക്കളയിൽ ചെന്ന് മണ്ണെണ്ണ എടുത്ത് സ്വയം കൊളുത്തി. ആന്റി പുറത്തായിരുന്നു.. ശബ്ദം കേട്ട് എത്തിയപ്പോഴേക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇവിടെ എത്തിച്ചു സീരിയസാണ്.
നീ കയറി കാണു അവൾക്ക് ഓർമ്മയുണ്ട്..
എന്റെ ശരീരമാകെ തളരുന്നതായി തോന്നി.. ഞാൻ കയറി കാണുമ്പോൾ അവൾ ആകെ കറുത്തു പോയിരുന്നു മുഖമെല്ലാം വികൃതമായിരിക്കുന്നു.. ഒരു വെള്ളതുണികൊണ്ട് ശരീരം മൂടിയിട്ടുണ്ട്..
ഞാനവളെ വിളിച്ചു ആമീ.. അവൾ പതിയെ കണ്ണു തുറന്നു..
വേണീ ... വല്ലാത്ത വേദനയാണ് എനിക്കിപ്പോൾ മരണം എന്റെ മുന്നിലുണ്ട് എങ്കിലും ഏട്ടനോടുള്ള സ്നേഹം ഞാൻ മരിച്ചാലും മായില്ല.. നീ ഏട്ടനോട് പറയണം എന്റെ സ്നേഹം സത്യമായിരുന്നു. ഇനിയൊരു ജന്മം ഞാൻ കാത്തിരിക്കും ഏട്ടന്റെ കൂടെ ജീവിക്കാൻ..
എനിക്കൊന്നും പറയാൻ ഉണ്ടായില്ല.. അവൾ അവസാനമായി പറഞ്ഞത് അതു മാത്രമായിരുന്നു.. അവളെന്തു കൊണ്ട് ചിന്തിച്ചില്ല ആ പുറത്തു നിൽക്കുന്ന ആ രണ്ടു ജീവിതങ്ങളെ പറ്റി. അവൾക്കു വേണ്ടി മാത്രമാണവർ ജീവിച്ചിരുന്നത്... അവൾ അവർക്കായി ബാക്കി വച്ചത് ഈ വേദനകൾ മാത്രമായിരുന്നു.
അന്ന് അവൾക്ക് ഏറെ ഇഷ്ടമായിരുന്ന ആ ചെമ്പക മരചുവട്ടിൽ അവളെ ഉറങ്ങാൻ വിട്ടിട്ട് പോയതാണ്.. ആന്റിയെ വിളിച്ച് ഫോണിൽ സംസാരിക്കുമെങ്കിലുo അവളില്ലാതെ ശൂന്യമായിപോയ ഇവിടേക്ക് വരാൻ തോന്നിയില്ല.. അവിടെ നിന്നും യാത്ര പറയുമ്പോൾ മാറാല മൂടിയ പ്രതീക്ഷയറ്റ രണ്ടു ആത്മാക്കൾ അവിടെ നോക്കി നിൽപുണ്ടായിരുന്നു.
ആമി.. നീ തോൽപിച്ചു കളഞ്ഞത് ഇവരെയായിരുന്നു യഥാർത്ഥത്തിൽ... നീ മാത്രമായിരുന്നു അവരുടെ ലോകം.. നിനക്ക് ജന്മം തന്നപ്പോൾ ആ അമ്മയ്ക്ക് എത്ര മോഹങ്ങൾ ഉണ്ടായിരുന്നിട്ടുണ്ടാകാം നിന്നിൽ.. നീ കാണുന്നില്ലേ ഇപ്പോൾ അവരുടെ വേദന.. അവർക്കാണ് ജീവിതം നഷ്ടപ്പെട്ടത് മറ്റാർക്കുമല്ല ഇന്നും നിനക്കു വേണ്ടി ഒരു മിഴിനീർ പൊഴിയുന്നുണ്ടെങ്കിൽ അതവരുടെ കണ്ണുകളിൽ നിന്നാണ്.
നടക്കുന്നതിനിടയിൽ വെറുതെ ഒന്നു തിരിഞ്ഞു നോക്കി ആ ചെമ്പകം നിറയെ പൂത്തിരുന്നു. അവൾ ഉറങ്ങുന്ന മണ്ണിൽ കൊഴിഞ്ഞു വീഴാനായി അവളുടെ പ്രണയവും സ്വപ്നങ്ങളും പോലെ.