ഒമിക്രോണ്‍; കേരളമടക്കം എട്ടു സംസ്ഥാനങ്ങള്‍ കര്‍ശന ശ്രദ്ധ പുലര്‍ത്തണമെന്ന് കേന്ദ്രം

By: 600007 On: Jan 12, 2022, 5:40 PM

രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കം എട്ടു സംസ്ഥാനങ്ങള്‍ കര്‍ശന ശ്രദ്ധ പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി, യുപി, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഇവിടങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമെന്നും എന്നാല്‍ അതീവ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തെ 300 ജില്ലകളിലും ടിപിആര്‍ അഞ്ച് ശതമാനത്തിന് മുകളിലാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സാധാരണ ജലദോഷം പോലെ ഒമിക്രോണ്‍ ബാധയെ ചികിത്സിക്കരുതെന്നും കേന്ദ്രം ഓര്‍മിപ്പിച്ചു. 

അതേസമയം, ഒമിക്രോണ്‍ കണ്ടെത്താനുള്ള പുതിയ പരിശോധനാ രീതി ഒമിഷുവറിന് ഐസിഎഎംആര്‍ അനുമതി നല്‍കി. ആവശ്യത്തിന് മെഡിക്കല്‍ ഓക്‌സിജന്‍ കരുതണമെന്നും ഓക്‌സിജന്‍ ലഭ്യത 48 മണികൂര്‍ കൂടുമ്പോള്‍ പരിശോധിക്കണമെന്നും കാണിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്ത് അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലേക്ക് കടക്കുകയാണ്. 1,94,720 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. ആകെ 4,868 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധ. രോഗം ബാധിച്ചുള്ള മരണ നിരക്ക് കൂടിയിരിക്കുകയാണ്. 24 മണിക്കൂറിനിടെ 442 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.05% ആണ്. ഡല്‍ഹിയില്‍ പൊലിസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപിച്ചിരിക്കുകയാണ്. 1700 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 

Content highlight: Omicron, The Center has asked eight states, including Kerala, to pay close attention