'മരിക്കുകയാണങ്കിൽ നമുക്കൊരുമിച്ച് മരിക്കാം' : കാണാക്കയങ്ങൾ(ഭാഗം 5)

By: 600009 On: Jan 12, 2022, 4:24 PM

Story Written by, Abraham George, Chicago.

കോര, ത്രേസ്യാ ദമ്പതികളുടെ പുന്നാരമോള് ആനിക്ക് മധുര പതിനേഴ്‌ കഴിഞ്ഞിരുന്നു. സെൻ്റ് ജോൺസ് ഇടവക പള്ളിയിലെ പ്രധാന ഗായികയാണ് ആനി. അവളുടെ പടാനുള്ള കഴിവ് കണ്ടെത്തിയത് കൊച്ചച്ചൻ റോബർട്ടാണ്. അച്ചൻ ഗാനരചനയിൽ കഴിവ് തെളിയിച്ച വ്യക്തിയായതുകൊണ്ട് പാട്ടുകളെ കൂടുതൽ സ്നേഹിച്ചു. അച്ചൻ തന്നെ രചിച്ച ഗാനങ്ങൾ സ്വയം ട്യൂൺ ചെയ്ത് കുട്ടികളെ കൊണ്ട് പാടിപ്പിക്കും. അച്ചൻ്റെ ക്വൊയറിലേക്ക് പ്രധാന ഗായകനായി തിരഞ്ഞെടുത്തത് കപ്യാർ ഔതയുടെ മകൻ ജോസിനെയാണ്. കൂടെ പാടാൻ വേറെ കുട്ടികളേയും അച്ചൻ തിരഞ്ഞെടുത്തു.

ജോസ് വിവരവും, വിദ്യാഭ്യാസവുമുള്ള യുവാവായിരുന്നു. കപ്യാർ ഔതയുടെ മൂന്നു മക്കളിൽ മൂത്തവൻ, അച്ചടക്കമുള്ള ഒരു കുടുംബമായിരുന്നു കപ്യാർ ഔതയുടേത്. ജോസിനിളയതായി രണ്ടു സഹോദരികൾ മറിയയും സ്നേഹയും. ആനി ദിവസേന കുർബാന കഴിഞ്ഞാൽ ജോസിൻ്റെ വീട്ടിൽ പോകും. ജോസിൻ്റെ സഹോദരിമാരായിയുള്ള ചങ്ങാത്തം ആനിക്ക് സന്തോഷം പകർന്ന് കിട്ടി. സ്വന്തം കുടുംബത്തിലില്ലാത്ത സുഖകരമായ ആനന്ദം കപ്യാർ കുടുംബത്തിൽ നിന്ന് ലഭിക്കുന്നതായി ആനിക്ക് തോന്നി. കപ്യാർ കുടുംബത്തെ ആനി കൂടുതൽ സ്നേഹിച്ചു. കോര കുടുംബത്തിൽ ഇല്ലാത്തതായ ഒന്ന് കപ്യാർ കുടുംബത്തിലുണ്ടായിരുന്നു, "മനസ്സമാധാനം " അവരുടെ ഇല്ലായ്മ മറ്റുള്ളവരെ അറിയിക്കാൻ അവർ ഇഷ്ടപ്പെട്ടില്ല. പള്ളിയിൽ നിന്നുള്ള വരുമാനം മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ.

ജോസ് ജോലിക്കായുള്ള തിരച്ചിലായിരുന്നു. ആനിയുടെ കുടുംബത്തിലെ അരക്ഷിതാവസ്ഥ അവളെ ജോസുമായി അടിപ്പിച്ചു. അവൾക്ക് ജോസിനോട് തോന്നിയ സൗഹൃദം പ്രണയമായിവളർന്നു. ആനിയുടെ കൂടുതലായിയുള്ള അടുപ്പം ജോസിന് ഭയമാണ് ഉണർത്തിയത്. എന്തും ചെയ്യാൻ മടിക്കാത്തവരാണ് കോരകുടുംബത്തിലെ അപ്പനും, മോനുമെന്നയാൾക്കറിയാം. കപ്യാർ ഔതയൊരിക്കൽ മകനോട് പറഞ്ഞു..,

"കോരയെയും, മത്തായി കുഞ്ഞിനേയും പേടിക്കണം, അവർ നമ്മളോട് ദയ കാണിച്ചെന്ന് വരില്ല, ആനിയുടെ കുടുംബത്തിലേക്കുള്ള വരവ് എന്നിക്കത്ര പന്തിയായി തോന്നണില്ല."

ജോസ് അതിനുത്തരമൊന്നും പറഞ്ഞില്ല. അയാൾക്ക് അവളോട് സ്നേഹം ഉണ്ടായിരുന്നു, നിവർത്തികേടുകൊണ്ട് പുറത്ത് കാണിച്ചിരുന്നില്ല. ഒരിക്കൽ ജോസ് ആനിയോട് തുറന്ന് പറഞ്ഞു

"നമ്മൾ തമ്മിലുള്ള ഒത്തുചേരൽ മറ്റുള്ളവരിൽ സംശയം തോന്നിപ്പിക്കും, അപവാദങ്ങൾ പറഞ്ഞ് പരത്തും, അത് എന്നെക്കാൾ കൂടുതൽ ആനിക്ക്  ദോഷം ചെയ്യും."

ആനി പറഞ്ഞു "നമ്മൾ തമ്മിൽ സ്നേഹത്തിലാണന്ന് ആൾക്കാർ പറയട്ടേ, അതിനെന്താ, അത് സത്യമല്ലേ?"

ജോസ് പറഞ്ഞു "എൻ്റെ കുടുംബത്തിൻ്റെ അവസ്ഥ നീ മനസ്സിലാക്കണം, നിൻ്റെ വീട്ടുകാർ ഈ ബന്ധത്തിന് അനുവദിക്കില്ല, അവരോട് മുട്ടി നിൽക്കാൻ നമുക്കാവില്ലാ."

"എന്താ ജോസിന് ഭയമുണ്ടോ," അവൾ ചോദിച്ചു?

"ഉണ്ട്, ഭയമുണ്ട്, ഞാനില്ലാതായാൽ എൻ്റെ കടുംബത്തിൻ്റെ അവസ്ഥ ദയനീയമായിരിക്കും. നീ വിചാരിക്കും പോലെയല്ലാ, നിൻ്റെ കുടുംബത്തിലുള്ളവർ."

ആനി പറഞ്ഞു "ഇനി മേലാൽ ഞാനിനിയിവിടെ വരില്ലാ, അതോർത്ത് ജോസ് പേടിക്കണ്ടാ,"

അവൾ പോകാനായി ഇറങ്ങി.  അവളുടെ സങ്കടത്തോടേയുള്ള പോക്ക് ജോസിൻ്റെ മനം ഇളക്കി, പള്ളിപ്പറമ്പിലെ പടർന്ന് കിടക്കണ മാവിൻച്ചോട്ടിലവൾ എത്തിയപ്പോൾ ജോസ് വിളിച്ചു

"ആനി നിൽക്കു, നീ വിഷമിക്കാൻ വേണ്ടിയല്ല, നിന്നെയെനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടുമല്ല, നമ്മൾ ഒരുമിച്ച് ജീവിക്കാൻ നിൻ്റെ വീട്ടുകാർ അനുവദിക്കില്ല, അത് വ്യക്തമായിട്ടെനിക്കറിയാവുന്നതു പോലെതന്നെ നിനക്കുമറിയാം. പിന്നെയെന്തിനായി ഈ ബന്ധം."

അവൾ തുടർന്നു " എന്തും നേരിടാനുള്ള ശക്തി നേടണം, അതിന് ഞാൻ തയ്യാർ, മരിക്കുകയാണങ്കിൽ നമുക്കൊരുമിച്ച് മരിക്കാം."

അവളുടെ മുന്നിൽ നിശബ്ദനായി ജോസ് നിന്നു പോയി, അയാൾ അറിയാതെ അവളുടെ തോളിൽ കൈകൾ വെച്ചു, അവൾ ജോസിൻ്റെ മാറിലേക്ക് ചാഞ്ഞു. പള്ളിയിൽ, പാട്ട് പ്രാക്ടീസ് കഴിഞ്ഞ് പുറത്തേക്ക് വന്ന ജോസിൻ്റെ സഹോദരിമാർ ഇത് കണ്ട് ഞെട്ടി. അവർ പറഞ്ഞു

" ജോസേട്ടാ ഇത് അപകടമാണ്, ഞങ്ങൾക്ക് ഭയമാകുന്നു."

പള്ളിമേടയിൽ നിന്ന് കൊച്ചച്ചൻ റോബർട്ടും ഈ കാഴ്ച കണ്ടു, അച്ചൻ താഴേയിറങ്ങി വന്ന് ജോസിനെ വിളിച്ച് സങ്കീർത്തന മുറിയിലേക്ക് കൊണ്ടുപോയി പറഞ്ഞു

 "പ്രണയിക്കുകയെന്നതിന് ഞാനെതിരല്ല, എന്നാൽ കോര മുതലാളിയെയും മകനെയും സൂക്ഷിക്കണം, അവർ വെറും ഭ്രാന്തന്മാരാണ്, ഭക്തനായതുകൊണ്ടും പള്ളിക്ക് ഉദാരമായി സംഭാവന നൽകിയതുകൊണ്ടും നല്ലവരാണന്നതിന് അർത്ഥമില്ല, വിഷമാണവർ, കുടുംബത്തിൽ സമാധാനമില്ലാത്തതുകൊണ്ടാണ് ആനി നിന്നെ തേടിവന്നത്, അവളെ കുറ്റം പറയാനാവില്ല, അവൾ നല്ലവളുമാണ്, സൂക്ഷിക്കേണ്ടത് നമ്മളാണ്."

----------തുടരും-------------